റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീല്‍ ഉള്‍പ്പെടുത്താനൊരുങ്ങി കമ്പനി. കോണ്ടിനന്റല്‍ ജിടി 650 -ക്കും ഇന്റര്‍സെപ്റ്റര്‍ 650 -ക്കും മുമ്പ്, ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീലുകള്‍ അവതരിപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കം കൂട്ടുന്നത്. നേരത്തെ ഈ രണ്ട് മോഡലുകള്‍ക്ക് ആദ്യം അലോയ് വീലുകള്‍ ലഭിക്കുമെന്നായിരുന്നു സൂചന. വാഹനത്തിന് ഉണ്ടാകുന്ന പഞ്ചര്‍ സാധ്യത കുറയ്ക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ട്യൂബ്ലെസ് ടയറുള്ള അലോയ് വീലുകളാവുമ്പോള്‍ പഞ്ചര്‍ സാധ്യത കുറവായിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകളില്‍ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ഇതേ അലോയ് വീല്‍ യൂണിറ്റുകള്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ ക്ലാസിക്ക് മോഡലുകള്‍ക്കും നല്‍കാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന സ്‌പോക്ക് വീലുകളില്‍ ട്യൂബ് ടയറുകളാണ് ഒരുങ്ങുന്നത.് ഇത് പഞ്ചര്‍ സാധ്യത വര്‍ധിക്കുമെന്നും വാഹനത്തിന് മോശമായ ഫീഡ്ബാക്ക് ഉണ്ടാക്കുമെന്നും പൊതുവെ പറയപ്പെടുന്നുണ്ട്.
കഠിനമായ ഏത് പ്രതലവും പിന്നിടാന്‍ ആവശ്യമായ “ഫ്ളെക്സിബിലിറ്റി” സ്പോക്ക് വീലുകള്‍ക്കുണ്ട്. ഉടന്‍തന്നെ രാജ്യത്ത് വില്‍ക്കുന്ന മുഴുവന്‍ മോഡലുകള്‍ക്കും ഓണ്‍ലൈന്‍ കോണ്‍ഫിഗുറേറ്റര്‍ സൗകര്യം ലഭ്യമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് അലോയ് വീല്‍ സംവിധാനത്തിലേയ്ക്കുള്ള കമ്പനിയുടെ ചുവടുമാറ്റ വാര്ത്തയും പുറത്തുവരുന്നത്.
അലോയ് വീലുകള്‍ക്ക് പുറമെ ലഗ്ഗേജ് റാക്കുകള്‍, ഫ്ളൈ സ്‌ക്രീന്‍, ബാഷ് പ്ലേറ്റ്, പാനിയര്‍ തുടങ്ങി നിരവധി ആക്സസറികളും മോഡലുകളില്‍ ഘടിപ്പിച്ച് വിലയിരുത്താന്‍ വെബ് അധിഷ്ടിത കോണ്‍ഫിഗുറേറ്റര്‍ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ സഹായിക്കും.