റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എ.ബി.എസ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 2019 ഏപ്രില്‍ മുതല്‍ 125 സി.സിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എ.ബി.എസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തണ്ടര്‍ബേര്‍ഡ് 350Xന് എ.ബി.എസ് സുരക്ഷ നല്‍കിയത്.
1.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X എ.ബി.എസിന് വിപണിയില്‍ വില. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും തണ്ടര്‍ബേര്‍ഡ് 350X എ.ബി.എസിനുള്ള ബുക്കിംഗ് തുടങ്ങി. 5,000 രൂപയാണ് ബുക്കിംഗ് തുക.
റോവിംഗ് റെഡ്, വിംസിക്കല്‍ വൈറ്റ് നിറങ്ങളില്‍ അണിനിരക്കുന്ന പുതുതലമുറ തണ്ടര്‍ബേര്‍ഡില്‍ ഒമ്പതു സ്പോക്ക് അലോയ് വീലുകള്‍ ഒരുങ്ങുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് തണ്ടര്‍ബേര്‍ഡ് 350Xന്റെ ടയര്‍ അളവ്. 41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.
അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്പെന്‍ഷനിലുണ്ട്. 280 mm, 240 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡ് 350Xലെ ബ്രേക്കിംഗ്. പുതിയ പതിപ്പില്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് എ.ബി.എസ് പിന്തുണയുമുണ്ട്.
സാധാരണ തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ചു മട്ടിലും ഭാവത്തിലും തണ്ടര്‍ബേര്‍ഡ് 350X കൂടുതല്‍ സ്പോര്‍ടിയാണ്. 20 ലിറ്ററാണ് ഇന്ധനടാങ്ക്. ഉത്സവകാല വില്‍പന കൂടി മുന്‍നിര്‍ത്തിയാണ് പ്രചാരമേറിയ തണ്ടര്‍ബേര്‍ഡ് 350Xന് കമ്പനി ഇപ്പോള്‍ എ.ബി.എസ് നല്‍കുന്നത്.