ന്യൂദല്‍ഹി: ജനപ്രിയ ഇരുചക്രവാഹനം ബുള്ളറ്റിന്റെ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 650 സി.സി ബൈക്കുകള്‍ ഉടന്‍ വിപണിയിലെത്തും. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ഈ വര്‍ഷം ഏപ്രിലിനു ശേഷമാണ് വാഹനം പുറത്തിറക്കുക.
Also Read: തൊഴില്‍ നിയമത്തിലെ ഭേദഗതി; ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പണിമുടക്ക്
ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി 650 എന്നീ മോഡലുകളാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ ബൈക്കുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യു.കെയിലും മറ്റ് യൂറോപ്യന്‍ മാര്‍ക്കറ്റുകളിലുമാണ് ആദ്യം ഇവ വിപണിയിലെത്തുക.
ചെന്നൈയിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. പക്ഷേ ഏപ്രില്‍ 28-നു ശേഷം മാത്രമേ ഇന്ത്യയില്‍ ഈ ബൈക്കുകള്‍ വിപണിയിലെത്തുകയുള്ളൂ. കഴിഞ്ഞവര്‍ഷം നടന്ന റോയല്‍ എന്‍ഫീല്‍ഡ് റൈഡേഴ്‌സ് മാനിയയിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി.ടി 650 എന്നീ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ലോകവിപണിയില്‍ ആദ്യമായി “എയ്ക്മ”യില്‍ (2017 EICMA) ആണ് ഈ ബൈക്കുകള്‍ അവതരിപ്പിച്ചത്. 650 സി.സി മോഡലുകളുടെ വില എത്രയാണെന്നതു സംബന്ധിച്ച സൂചനകള്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നില്ല.
ഏറ്റവും പുതിയ 650 സി.സി എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. മികച്ച പ്രകടനത്തിനായി ഓയില്‍ കൂളറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ഈ മോഡലുകളുടെ പ്രത്യേകതയാണ്.
രണ്ടുവീലുകള്‍ക്കും ഡിസ്‌ക് ബ്രേക്ക്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റ്ം (എ.ബി.എസ്) എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
വീഡിയോ കാണാം: