| Tuesday, 5th April 2022, 7:57 pm

രാജസ്ഥാന്റെ ഇത്രേം കളി കണ്ടിട്ടും നിങ്ങളിനിയും പഠിച്ചില്ലേ അതോ പുതിയ സ്ട്രാറ്റജിയോ; നിര്‍ണായക തന്ത്രവുമായി ബെംഗളൂരു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ബൗളിംഗ് തെരഞ്ഞെടുത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലസിസ്. ടോസ് നേടിയ ആര്‍.സി.ബി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് ഭാഗ്യം സഞ്ജുവിനെ കടാക്ഷിച്ചില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും ടോസ് നഷ്ടപ്പെട്ട സഞ്ജുവിന് മൂന്നാം മത്സരത്തിലും ടോസ് നഷ്ടപ്പെടുകയായിരുന്നു.

ഐ.പി.എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ജയിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഉയര്‍ത്തുന്ന സ്‌കോര്‍ അനായാസം മറികടക്കുകയാണ് ഐ.പി.എല്‍ 2022ലെ പതിവ്.

എന്നാല്‍ ആ പതിവ് തെറ്റിച്ചവരില്‍ പ്രധാനിയാണ് രാജസ്ഥാന്‍ റോയല്‍സ്. രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്താണ് രാജസ്ഥാന്‍ വിജയിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 210 റണ്ണടിച്ച രാജസ്ഥാന്‍ 61 റണ്‍സിന്റെ ആധികാരിക വിജയമാണ് നേടിയത്. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ബട്‌ലറിന്റെ സെഞ്ച്വറി മികവില്‍ 193 റണ്‍സായിരുന്നു അടിച്ചു കൂട്ടിയത്. ഫലമോ, മുംബൈയ്‌ക്കെതിരെ 23 റണ്‍സിന്റെ വിജയവും.

ടോസ് നഷ്ടപ്പെട്ടപ്പെട്ടായിരുന്നു രണ്ട് മത്സരത്തിലും ടീം ബാറ്റിംഗിന് ചെന്നത്.

മൂന്നാം മത്സരത്തിലും രാജസ്ഥാന് ടോസ് ലഭിച്ചിട്ടില്ല, ആദ്യം ബാറ്റ് ചെയ്യുകയുമാണ്. തങ്ങളുടെ വിന്നിംഗ് സ്ട്രീക്ക് തുടരുക തന്നെയാവും ആ മത്സരത്തിലും ടീം ലക്ഷ്യമിടുന്നത്.

എന്നാല്‍ വാംഖഡെ പോലുള്ള ബാറ്റിംഗിന് അനുയോജ്യമായ സ്‌റ്റേഡിത്തില്‍ പല കണക്കുകൂട്ടലുകളുമായാവും ഫാഫും പിള്ളേരും കളത്തിലിറങ്ങുന്നത്.

ചെറിയ സ്‌കോറില്‍ റോയല്‍സിനെ ഒതുക്കുകയും ഫാഫും വിരാടും ഡി.കെയും റൂഥര്‍ഫോര്‍ഡും ആളിക്കത്തുകയും ചെയ്താല്‍ രാജസ്ഥാന് സീസണിലെ ആദ്യ പരാജയം രുചിക്കേണ്ടി വരും.

Content Highlight: Royal Challengers Bengaluru won the toss against Rajasthan Royals and opt to field first
We use cookies to give you the best possible experience. Learn more