| Saturday, 29th January 2022, 4:14 pm

ക്യാപ്റ്റനില്ലാത്ത ബെംഗളൂരുവിന്റെ നായകനാകാന്‍ വാര്‍ണര്‍; വമ്പന്‍ നീക്കത്തിനൊരുങ്ങി ആര്‍.സി.ബി

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാലേലത്തില്‍ മറ്റു ടീമുകളെ ഞെട്ടിക്കാനൊരുങ്ങുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്‌ലി നായകസ്ഥാനം രാജി വെച്ചതിന് പിന്നാലെ ടീമിനെ നയിക്കാന്‍ കൂടെ കെല്‍പുള്ള ഒരു താരത്തെ തന്നെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്.

സണ്‍റൈസേഴ്‌സുമായി ഇടഞ്ഞു നില്‍ക്കുന്ന വാര്‍ണറിനെ ടീമിലെത്തിച്ച് കോഹ്‌ലിയുടെ പിന്‍ഗാമിയാക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ടീമിനെ നയിക്കാന്‍ ആര് എന്ന വലിയ ചോദ്യത്തിലുള്ള ഉത്തരവുമാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി ആകാശ് ചോപ്രയാണ് സുപ്രധാനമായ നിരീക്ഷണം നടത്തുന്നത്. എന്നാല്‍ വാര്‍ണറിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്നാണ് ചോപ്ര പറയുന്നത്.

‘ഐ.പി.എല്‍ താരലേലത്തില്‍ നല്ല തുക കണ്ടെത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞേക്കും. ബെഗളൂരുവില്‍ കോഹ്‌ലിയും വാര്‍ണറും ചേര്‍ന്നാലുള്ള ഇടംകൈ-വലംകൈ കോമ്പിനേഷനും ടീമിന് ഗുണം ചെയ്‌തേക്കാം.

IPL 2017: Thankfully, Virat Kohli and I are still friends, says David Warner | Sports News,The Indian Express

എന്നാല്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് ആരും തന്നെ വാര്‍ണറിനെ പോലെ ഒരു താരത്തെ പരിഗണിക്കില്ല എന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ സീസണില്‍ എന്താണ് സംഭവിച്ചതെന്നും, പ്രശ്‌നങ്ങള്‍ എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതുമാണ്,’ ആകാശ് ചോപ്ര പറയുന്നു.

കഴിഞ്ഞ സീസണ്‍ വരെ ബൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ മാര്‍ക്വി താരമായിരുന്നു വാര്‍ണര്‍. നിരവധി മത്സരത്തില്‍ ടീമിനെ നയിച്ച വാര്‍ണര്‍, 2016ല്‍ ടീമിന് ഐ.പി.എല്ലിന്റെ കിരീടവും നേടിക്കൊടുത്തിരുന്നു.

എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിന്റെ പകുതി വെച്ച് ടീം അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കുകയും, പിന്നീട് ടീമില്‍ നിന്നും പോലും ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ണറും എസ്.ആര്‍.എച്ചും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായി തന്നെ ഇരുവരും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഐ.പി.എല്ലിന് ശേഷം നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്റെ വിശ്വരൂപം കാണിച്ചുകൊണ്ടായിരുന്നു സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റിന് മറുപടി നല്‍കിയത്.

ഐ.സി.സി ടി-20 ലോക കപ്പില്‍ ഫോം വീണ്ടെടുത്ത വാര്‍ണര്‍ ഓസ്ട്രേലിയയെ കിരീടം ചൂടിച്ചായിരുന്നു തിരിച്ചുവരവ് നടത്തിയത്. ലോകകപ്പിലെ താരവും വാര്‍ണര്‍ ആയിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍.സി.ബി വാര്‍ണറിനെ നോട്ടമിട്ടിരിക്കുന്നത്.

Content highlight: Royal Challengers Bengaluru to take David Warner In IPL Mega Auction, Reports

We use cookies to give you the best possible experience. Learn more