വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; പരിശീലനം ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു!
Sports News
വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; പരിശീലനം ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 3:56 pm

ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ നോക് ഔട്ട് മത്സരമാണിത്.

എന്നാല്‍ രാജസ്ഥാനുമായുള്ള മത്സരത്തിന് മുമ്പുള്ള പരിശീലന സെക്ഷന്‍ ഒഴുവാക്കിയിരിക്കുകയാണ് ബെംഗളൂരു. വിരാട് കോഹ്‌ലിയുടെ സുരക്ഷയ്ക്ക് ഭീഷണിയെതുടര്‍ന്നാണ് ബെംഗളൂരു അവരുടെ പരിശീലന സെക്ഷന്‍ ഒഴുവാക്കിയത്. ഭീകരവാദികളാണെന്ന സംശയത്തിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. മത്സരത്തിന് തയ്യാറെടുക്കുന്നതിന് വേണ്ടി അഹമ്മദാബാദ് ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ ആര്‍.സി.ബി എത്തിയെങ്കിലും തിരിച്ചു പോകുകയായിരുന്നു ടീം.

അതേസമയം സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് അവരുടെ പതിവ് നെറ്റ്സ് സെക്ഷനുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ നിര്‍ണായകമായ ഐ.പി.എല്‍ നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി ബെംഗളൂരു വാര്‍ത്താസമ്മേളനം നടത്തിയില്ല.

ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയുടെ റിപ്പോര്‍ട്ടിലാണ് ബെംഗളൂരു പരിശീലനം ഒഴിവാക്കിയതായി പറഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് പ്രതികളുടെയും ഒളിത്താവളം പരിശോധിച്ചതില്‍ നിന്ന് ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

 

 

Content Highlight: Royal Challengers Bengaluru skips training