ഐ.പി.എല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ അതിന്റെ 18ാം എഡിഷനിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.
ഈ പോരാട്ടത്തിന് ഇനിയും ഒരു മാസത്തിലധികം സമയമുണ്ടെന്നിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോഴേ വെല്ലുവിളികളും മൈന്‍ഡ് ഗെയിംസും ആരംഭിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോഴുള്ള സംഭവങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരുവിനെതിരെ ബ്രണ്ടന്‍ മക്കെല്ലം നേടിയ സെഞ്ച്വറിയും ടീം വെറും 49 റണ്‍സിന് പുറത്തായതുമെല്ലാമാണ് കെ.കെ.ആര്‍ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പങ്കുവെച്ചത്.
ഐ.പി.എല്‍ ആദ്യ സീസണിന്റെ ഉദ്ഘാടന മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തന്നെയായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തില്‍ 140 റണ്‍സിന്റെ തോല്‍വിയാണ് രാഹുല്‍ ദ്രാവിഡിന്റെ റോയല്‍ ചലഞ്ചേഴ്‌സിന് ഏറ്റുവാങ്ങേണ്ടി വന്നത്. അതിന് കാരണക്കാരനായതാകട്ടെ സാക്ഷാല്‍ ബ്രെണ്ടന്‍ മക്കെല്ലവും.
73 പന്തില്‍ പുറത്താകാതെ 158 റണ്‍സാണ് മക്കെല്ലം നേടിയത്. ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ച്വറിയുടെ റെക്കോഡും കുറിക്കപ്പെട്ടു. ശേഷം 16 സീസണുകള്‍ കഴിഞ്ഞിട്ടും ഒരിക്കല്‍പ്പോലും ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഒരു താരത്തിനും സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്‍ 2017ലാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറിന് പുറത്താകേണ്ടി വന്നതിന്റെ അനാവശ്യ നേട്ടം ആര്‍.സി.ബിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 132 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് വെറും 49 റണ്‍സിന് പുറത്താവുകയായിരുന്നു.
ക്രിസ് ഗെയ്ല്‍, എ.ബി. ഡി വില്ലിയേഴ്‌സ്, വിരാട് കോഹ്‌ലി തുടങ്ങി കൊടുങ്കാറ്റിനെ പോലും പിടിച്ചുകെട്ടാന്‍ കെല്‍പ്പുണ്ടായിരുന്ന ആര്‍.സി.ബി ബാറ്റിങ് നിരയെ കൊല്‍ക്കത്ത നാണം കെടുത്തി വിടുകയായിരുന്നു. ബെംഗളൂരു നിരയില്‍ ഒരാള്‍ പോലും അന്ന് ഇരട്ടയക്കം കണ്ടിട്ടില്ല എന്നതും ശ്രദ്ധേയമായിരുന്നു.
2017ല്‍ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ക്രിസ് ലിന്നും ചേര്‍ന്ന് 105 റണ്‍സിന്റെ പവര്‍ പ്ലേ സ്‌കോര്‍ പടുത്തുയര്‍ത്തിയതും 2019ല്‍ ആന്ദ്രേ റസലിന്റെ കരുത്തില്‍ കൊല്‍ക്കത്ത ബെംഗളൂരുവിനെ പരാജയപ്പെടുത്തിയതും കെ.കെ.ആര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
2017ലാണ് റസലിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
ആകാശം തൊട്ട ഏഴ് സിക്‌സറുകളും ഒരു ഫോറുമടക്കം 13 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. കളിയിലെ താരവും കരീബിയന്‍ കരുത്തന്‍ തന്നെയായിരുന്നു.
ഐ.പി.എല്ലില്‍ ഇതുവരെ 34 മത്സരങ്ങളിലാണ് കൊല്‍ക്കത്തയും ബെംഗളൂരുവും ഏറ്റുമുട്ടിയത്. ഇതില്‍ 20 തവണ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ 14 തവണയാണ് വിജയം ആര്‍.സി.ബിക്കൊപ്പം നിന്നത്. 2023ലും 2024ലുമായി നടന്ന നടന്ന നാല് മത്സരത്തിലും കൊല്‍ക്കത്തയാണ് വിജയിച്ചത്. 2025ലും ഇതേ ഡോമിനേഷന്‍ ആവര്‍ത്തിക്കാന്‍ കൊല്‍ക്കത്ത ഒരുങ്ങുമ്പോള്‍ പലതിനും കണക്കുചോദിക്കാനാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.
Content Highlight: Royal Challengers Bengaluru share defeats against Kolkata Knight Riders