അഞ്ച് കളി തോറ്റാലെന്താ, മന്ദാനക്കും കപ്പെടുക്കാം; കാല്‍ക്കുലേറ്റര്‍ എടുക്ക് ടീമേ, സാധ്യതകള്‍ ഇങ്ങനെ
WPL
അഞ്ച് കളി തോറ്റാലെന്താ, മന്ദാനക്കും കപ്പെടുക്കാം; കാല്‍ക്കുലേറ്റര്‍ എടുക്ക് ടീമേ, സാധ്യതകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th March 2023, 4:40 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും തോറ്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാണംകെട്ട് തലകുനിച്ചിരിക്കുന്നത്. സ്മൃതി മന്ദാനയും എല്ലിസ് പെറിയും ഹീതര്‍ നൈറ്റും റിച്ച ഘോഷും അടക്കമുള്ള വമ്പന്‍ താരനിര ടീമിനൊപ്പമുണ്ടായിട്ടും തങ്ങളുടെ പേരിന് നേരെ ഒരു വിജയം പോലും എഴുതിച്ചേര്‍ക്കാന്‍ ആര്‍.സി.ബിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് തോറ്റുതുടങ്ങിയ ലോസിങ് സ്ട്രീക് ആര്‍.സിബി ഇപ്പോഴും തുടരുകയണ്. ഡബ്ല്യൂ.പി.എല്ലില്‍ ഇതുവരെ ജയമെന്തെന്നറിയാത്ത ഏക ടീമും ആര്‍.സി.ബി മാത്രമാണ്.

കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചും വിജയിച്ച് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും ചര്‍ച്ചകളുയരുകയാണ്.

 

അഞ്ച് മത്സരങ്ങളില്‍ തോറ്റ ആര്‍.സി.ബിക്ക് ഇനി സാധ്യതയില്ലെന്ന് എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നാണ് കാല്‍ക്കുലേറ്റര്‍ കയ്യിലെടുത്ത് ആരാധകര്‍ പറയുന്നത്. പ്രതീക്ഷയുടെ നേരിയ വെളിച്ചം ഇപ്പോഴും മന്ദാനക്കും കൂട്ടര്‍ക്കും മുമ്പില്‍ ബാക്കിയുണ്ട്. അതിന് തങ്ങളുടെ വിജയം മാത്രമല്ല, മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുക്കണം.

ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കണം എന്നതാണ് ആര്‍.സി.ബിക്ക് മുമ്പിലുള്ള പ്രധാന കടമ്പ. ഈ മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സിന് മുമ്പിലുള്ള സാധ്യതകള്‍ തുറക്കപ്പെടൂ.

ഇനിയുള്ള മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സിനെയും യു.പി. വാറിയേഴ്‌സിനെയും പരാജയപ്പെടുത്തുകയും ഗുജറാത്ത് ജയന്റ്‌സ് യു.പി വാറിയേഴ്‌സിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ആര്‍.സി.ബിക്ക് എലിമിനേറ്ററില്‍ പ്രവേശിക്കാം.

വരാനിരിക്കുന്ന മൂന്ന് മത്സരങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. യു.പി വാറിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോടാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ മത്സരങ്ങള്‍.

ടൂര്‍ണമെന്റില്‍ നേരത്തെ ഇവരോട് ഏറ്റുമുട്ടിയപ്പോള്‍ വമ്പന്‍ മാര്‍ജിനിലായിരുന്നു ആര്‍.സി.ബിയുടെ പരാജയം.

കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ അവസാന നിമിഷം വരെ പൊരുതിയായിരുന്നു ആര്‍.സി.ബി തോറ്റത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് മാത്രം ബാക്കി നില്‍ക്കവെയായിരുന്നു ക്യാപ്പിറ്റല്‍സിന് മറികടക്കാന്‍ സാധിച്ചത്.

 

വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിക്കാന്‍ സാധിക്കുകയും ഒപ്പം ഭാഗ്യവും തുണയ്ക്കുകയാണെങ്കില്‍ പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചാമ്പ്യന്‍മാരാകാന്‍ ആര്‍.സി.ബിക്ക് സാധിക്കും.

 

 

Content Highlight: Royal Challengers Bengaluru’s chances in WPL