വരാനിരിക്കുന്ന ഐ.പി.എല്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൂപ്പര്‍ താരങ്ങളായ ജോഷ് ഹെയ്‌സല്‍വുഡിനെയും ഹര്‍ഷല്‍ പട്ടേലിനെയും അടക്കം 11 താരങ്ങളെയാണ് ആര്‍.സി.ബി റിലീസ് ചെയ്തിരിക്കുന്നത്.
ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയും റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിശ്വസ്തനായ ഹസരങ്കയെ പുതിയ സീസണിന് മുന്നോടിയായി പ്ലേ ബോള്‍ഡ് ആര്‍മി വിട്ടുകളയുകയായിരുന്നു.
ടി-20യില്‍ സഞ്ജുവിനെ ബണ്ണിയായി കൊണ്ടുനടന്നിരുന്ന ഹസരങ്കയെ ഒഴിവാക്കിയത് ആരാധകരില്‍ ചെറിയ തോതിലെങ്കിലും ഞെട്ടലുണ്ടാക്കിയിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ പരിക്കേറ്റ ഹസരങ്കക്ക് ലോകകപ്പും നഷ്ടമായിരുന്നു.
കഴിഞ്ഞ സീസണില്‍ 11 കോടി രൂപക്കാണ് ആര്‍.സി.ബി താരത്തെ നിലനിര്‍ത്തിയത്. എന്നാല്‍ ആ പേരിനും പെരുമക്കും ഒത്ത പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ സീസണില്‍ എട്ട് മത്സരത്തില്‍ നിന്നും117.86 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 33 റണ്‍സ് മാത്രമാണ് ഹസരങ്ക നേടിയത്. ബൗളിങ്ങില്‍ ഒമ്പത് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ ശേഷം നടന്ന എല്‍.പി.എല്ലില്‍ അവിശ്വസനീയ പ്രകടനമാണ് താരം നടത്തിയത്. ക്യാപ്റ്റന്റെ റോളില്‍ ബി ലവ് കാന്‍ഡിയെ കിരീടത്തിലേക്ക് നയിച്ചാണ് താരം തിളങ്ങിയത്.
ഇതിന് പുറമെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും റണ്‍ വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തിയ ഹസരങ്ക ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐ.പി.എല്‍ 2024ന് മുന്നോടിയായി ആര്‍.സി.ബി നിലനിര്‍ത്തിയ താരങ്ങള്‍
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, വിരാട് കോഹ്‌ലി, രജത് പാടിദാര്‍, അനുജ് റാവത്ത്, ദിനേഷ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായി, വില്‍ ജാക്‌സ്, മഹിപാല്‍ ലാംറോര്‍, കരണ്‍ ശര്‍മ, മനോജ് ബന്‍ഡാഗേ, വൈശാഖ് വിജയ് കുമാര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‌ലി, ഹിമാംശു ശര്‍മ, രാജന്‍ കുമാര്‍.
മായങ്ക് ഡാഗര്‍ (സണ്‍റൈസേഴ്‌സില്‍ നിന്നും ട്രേഡിങ്ങിലൂടെ സ്വന്തമാക്കി).
ആര്‍.സി.ബി റിലീസ് ചെയ്ത താരങ്ങള്‍
വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍ണെല്‍, സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാര്‍ത്ഥ് കൗള്‍, കേദാര്‍ ജാദവ്.
സൂപ്പര്‍ താരങ്ങളെയടക്കം റിലീസ് ചെയ്തതോടെ 40.75 കോടി രൂപയാണ് ആര്‍.സി.ബിക്ക് നിലവില്‍ ഓക്ഷന്‍ പേഴ്‌സിലുള്ളത്.
2024 ലേലത്തില്‍ ഓരോ ടീമിന്റെയും ഓക്ഷന്‍ പേഴ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 40.75 കോടി
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 34 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 32.7 കോടി
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 31.4 കോടി
പഞ്ചാബ് കിങ്‌സ് – 29.1 കോടി
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 28.9 കോടി
മുംബൈ ഇന്ത്യന്‍സ് – 15.25 കോടി
രാജസ്ഥാന്‍ റോയല്‍സ് – 14.5 കോടി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 13.9 കോടി
ഗുജറാത്ത് ടൈറ്റന്‍സ് – 13.85 കോടി
Content highlight: Royal Challengers Bengaluru released Wanindu Hasaranga before IPL 2024