ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്. ധോണിയെ ക്രിക്കറ്റിലെ ലയണല്‍ മെസിയാണെന്ന് വിശേഷിപ്പിച്ച് ബെംഗളൂരു പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യന്‍ യൂട്യൂബര്‍ രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റിലാണ് താരം അഭിപ്രായം പറഞ്ഞത്.
പോഡ്കാസ്റ്റില്‍ ഇഷ്ട്ടപെട്ട ഫുട്‌ബോള്‍ താരത്തെ കുറച്ച് ചോദിച്ചപ്പോള്‍ ലയണല്‍ മെസിയെന്നായിരുന്നു ഭുവനേശ്വറിന്റെ ഉത്തരം. കഴിവുള്ള നിരവധി കളിക്കാരുണ്ടെന്നും പക്ഷേ മെസി വ്യത്യസ്തനാണെന്നും താരത്തിന്റെ ശാന്തത, സമ്മര്‍ദം കൈകാര്യം ചെയ്യല്‍, കഴിവ് എന്നിവ അദ്ദേഹത്തെ പെര്‍ഫെക്റ്റാക്കുന്നുവെന്നും ഇന്ത്യന്‍ പേസര്‍ പറഞ്ഞു.
‘ലയണല്‍ മെസി. ഈ ലോകത്തിന് പുറത്തുള്ള പ്രതിഭയാണ് അദ്ദേഹം. കഴിവുള്ള നിരവധി കളിക്കാരുണ്ട്, പക്ഷേ മെസി വ്യത്യസ്തനാണ്. അത് എന്തുകൊണ്ടെന്ന് എനിക്ക് വിശദീകരിക്കാന്‍ പോലും കഴിയില്ല. ഞാന്‍ സാങ്കേതികമായി ഫുട്‌ബോളിനെ പിന്തുടരുന്നില്ല, പക്ഷേ മെസി കളിക്കുന്നത് കാണുമ്പോള്‍, അത് വെറും… വ്യത്യസ്തമാണ്. ശാന്തത, സമ്മര്‍ദം കൈകാര്യം ചെയ്യല്‍, കഴിവ് എന്നിവ അദ്ദേഹത്തെ പെര്‍ഫെക്റ്റാക്കുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഒരു ബന്ധം തോന്നും,’ ഭുവനേശ്വര്‍ പറഞ്ഞു.
ക്രിക്കറ്റിലെ ലയണല്‍ മെസിയാരെന്ന് യൂട്യൂബര്‍ ചോദിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്. ധോണിയാണെന്ന് പറഞ്ഞ ഭുവി അദ്ദേഹത്തോടൊപ്പമുള്ള സമയം താന്‍ എപ്പോഴും ആസ്വദിക്കുന്നുവെന്നും പറഞ്ഞു. ധോണി എത്ര ശാന്തനും അതുല്യനുമാണെന്ന് അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ച എല്ലാവര്‍ക്കും അറിയാമെന്നും ധോണി മെസിയുടെ അതേ വൈബ് നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
‘എം.എസ്. ധോണി, ഞാന്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. അത് എപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ധോണി എത്ര ശാന്തനും അതുല്യനുമാണെന്ന് അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ച എല്ലാവര്‍ക്കും അറിയാം. മെസിയെ ഞാന്‍ ടി.വിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ, പക്ഷേ ധോണി അതേ വൈബ് നല്‍കുന്നു. ക്രിക്കറ്റില്‍ ധോണി ആ വ്യത്യസ്ത തലത്തിലുള്ള വ്യക്തിയാണ്,’ ഭുവനേശ്വര്‍ പറഞ്ഞു.
ധോണിയും ഭുവനേശ്വര്‍ കുമാറും ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഭുവനേശ്വര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ സീസണില്‍ 24.83 ശരാശരിയും 7.84 എക്കോണമിയുമാണ് താരത്തിന്റെ പേരിലുള്ളത്.
അതേസമയം, ഏഴ് മത്സരങ്ങളില്‍ നിന്ന് 130 റണ്‍സാണ് എം.എസ്. ധോണി ഈ സീസണില്‍ നേടിയത്. ടൂര്‍ണമെന്റില്‍ 43.33 ആവറേജിലും 158.53 സ്‌ട്രൈക്ക് റേറ്റിലും ബാറ്റു ചെയ്യുന്ന താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 30 റണ്‍സാണ്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 11 പന്തില്‍ 26 റണ്‍സെടുത്ത് മിന്നും പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കാനും ധോണിക്ക് സാധിച്ചിരുന്നു.
Content Highlight: Royal Challengers Bengaluru Pacer Bhuvneshwar Kumar says that Chennai Super Kings Skipper MS Dhoni is Lionel Messi in Cricket