തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ പരാജയം രുചിച്ച ശേഷം വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. യു.പി വാറിയേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.
ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നത്തേയും പോലെ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയുടെ ചെറുത്തുനില്‍പാണ് റോയല്‍ ചലഞ്ചേഴ്‌സിന് തുണയായത്.
നേരത്തെ ടോസ് നേടിയ ആര്‍.സി.ബി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ മന്ദാനയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ പുറത്തെടുത്തത്.
സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് തികയുമ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വാറിയേഴ്‌സിന് നഷ്ടമായിരുന്നു. ദേവിക വൈദ്യയെ പൂജ്യത്തിന് വീഴ്ത്തിക്കൊണ്ട് സോഫിയ ഡിവൈനാണ് വാറിയേഴ്‌സിനെ ആദ്യം ഞെട്ടിച്ചത്. തൊട്ടുപിന്നാലെ ഒരു റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ് ഹെയ്‌ലിയെ പുറത്താക്കിയ ഡിവൈന്‍ വീണ്ടും വാറിയേഴ്‌സിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി.
രണ്ട് റണ്‍സ് നേടിയ താലിയ മഗ്രാത്തിനെ മേഗന്‍ ഷട്ടും പുറത്താക്കിയപ്പോള്‍ വാറിയേഴ്‌സ് നിന്ന് പരുങ്ങി.
എന്നാല്‍ ഗ്രേസ് ഹാരിസിന്റെയും ദീപ്തി ശര്‍മയുടെയും ഇന്നിങ്‌സ് ടീമിന് തുണയായി. ഹാരില് 32 പന്തില്‍ നിന്നും 46 റണ്‍സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ 19 പന്തില്‍ നിന്നും 22 റണ്‍സ് നേടി പുറത്തായി.
എന്നാല്‍ കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ആര്‍.സി.ബി വാറിയേഴ്‌സിനെ 135 റണ്‍സില്‍ ഒതുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് സോഫി ഡിവൈന്‍ അടി തുടങ്ങി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി ആദ്യ നാല് പന്തില്‍ തന്നെ 14 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ ഗ്രോസ് ഹാരിസ് ഡിവൈനിനെ മടക്കിയതോടെ ആ വെടിക്കെട്ടിന് വിരാമമായി.
തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ മന്ദാനയും പുറത്തായിരുന്നു. മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെയായിരുന്നു താരത്തിന്റെ മടക്കം. വണ്‍ ഡൗണായെത്തിയ അല്ലിസ് പെറി 13 പന്തില്‍ നിന്നും 10 റണ്‍സ് നേടി പുറത്തായി.
ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയെങ്കിലും മിഡില്‍ ഓര്‍ഡറിലെ പ്രകടനം ആര്‍.സിബിയെ തുണച്ചു. 24 റണ്‍സ് നേടിയ ഹീതര്‍ നൈറ്റും 30 പന്തില്‍ നിന്നും 46 റണ്‍സ് നേടിയ കനിക അഹൂജയും 32 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ റിച്ച ഘോഷും റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തോട് അടുപ്പിച്ചു.
ഒടുവില്‍ 12 പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ആര്‍.സി.ബി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
മിഡില്‍ ഓര്‍ഡറില്‍ നിര്‍ണായക ശക്തിയായി ടീമിനെ താങ്ങി നിര്‍ത്തിയ കനിക അഹൂജയാണ് മത്സരത്തിന്റെ താരം.
മാര്‍ച്ച് 18നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. ഗുജറാത്ത് ജയന്റ്‌സാണ് എതിരാളികള്‍.
Content Highlight: Royal Challengers Bengaluru got their first win in the Women’s Premier League.