ഐ.പി.എല്‍ 2023ലെ 65ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.
വിരാട് കോഹ്‌ലിയെ എന്തുകൊണ്ടാണ് ക്രിക്കറ്റ് ലോകം ചെയ്‌സ് മാസ്റ്റര്‍ എന്ന് വിളിക്കുന്നത് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച മത്സരമായിരുന്നു രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ ടോട്ടല്‍ ക്യാപ്റ്റന്‍ ഫാഫിനൊപ്പം ചേര്‍ന്ന് അനായാസം ചെയ്‌സ് ചെയ്താണ് വിരാടും ആര്‍.സി.ബിയും വിജയം നേടിയത്.
ഐ.പി.എല്ലില്‍ മറ്റൊരു സെഞ്ച്വറി നേടിക്കൊണ്ടാണ് വിരാട് ആര്‍.സി.ബി വിജയത്തിലേക്കെത്തിച്ചത്. വിരാടിന്റെ കരിയറിലെ ആറാമത് സെഞ്ച്വറിയാണിത്. ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാറിനെതിരെ സിക്‌സറടിച്ചുകൊണ്ടായിരുന്നു വിരാട് സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്. തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകയും ചെയ്തിരുന്നു.
63 പന്തില്‍ നിന്നുമാണ് വിരാട് സെഞ്ച്വറി തികച്ചത്. 2019ന് ശേഷമുള്ള വിരാടിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയാണിത്.
വിരാടിന് പുറമെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും തകര്‍ത്തടിച്ചിരുന്നു. 47 പന്തില്‍ നിന്നും 71 റണ്‍സാണ് താരം നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഹെന്റിക് ക്ലാസന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 51 പന്തില്‍ നിന്നും 104 റണ്‍സാണ് ചതാരം നേടിയത്.
ഈ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് തോല്‍ക്കുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും നേരിട്ട് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആര്‍.സി.ബിയുടെ വിജയത്തോടെ ധോണിക്കും ക്രുണാല്‍ പാണ്ഡ്യക്കും ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഈ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ബെംഗളൂരുവിന് സാധിച്ചിരുന്നു. ശേഷിക്കുന്ന മത്സരത്തിലും വിജയിച്ച് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ തന്നെയാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.
Content highlight: Royal Challengers Bengaluru defeats Sunrisers Hyderabad