| Thursday, 22nd April 2021, 11:03 pm

റോയല്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍; ദേവ്ദത്ത് പടിക്കലിന് തകര്‍പ്പന്‍ സെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 21 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു.

ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി. 52 പന്തില്‍ 101 റണ്‍സ് നേടിയ ദേവ്ദത്തിന് 47 പന്തില്‍ 72 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച പിന്തുണ നല്‍കി.

ദേവ്ദത്ത് 11 ഫോറും ആറ് സിക്‌സും പറത്തിയപ്പോള്‍ കോഹ്‌ലി ആറ് ഫോറും മൂന്ന് സിക്‌സും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്.

32 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 46 റണ്‍സെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 14-ല്‍ നില്‍ക്കേ ജോസ് ബട്ട്ലറെ (8) അവര്‍ക്ക് നഷ്ടമായി. പിന്നാലെ മനന്‍ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോള്‍ 4.3 ഓവറില്‍ മൂന്നിന് 18 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാന്‍.

18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം ലഭിച്ച ശേഷം പുറത്തായി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശിവം ദുബെ – റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 66 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്.

തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയ 23 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 40 റണ്‍സെടുത്തു. രാജസ്ഥാനെ 177-ല്‍ എത്തിച്ചത് തെവാട്ടിയയുടെ ഇന്നിംഗ്‌സാണ്.

ആര്‍.സി.ബിക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Royal Challengers Banglore vs Rajasthan Royals IPL 2021

Latest Stories

We use cookies to give you the best possible experience. Learn more