ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാര്‍ച്ച് 22ന് മുതലാണ് കൊടിയേറുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക.
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇപ്പോഴിതാ ബെംഗളൂരു ടീമിനെ കുറിച്ചുള്ള ഒരു വസ്തുതയാണ് ഏറെ ശ്രദ്ധേയമാവുന്നത്.
ഐ.പി.എല്‍ ചരിത്രത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒരുതവണ മാത്രമാണ് നീല ജേഴ്‌സിയില്‍ കളിച്ചിട്ടുള്ളത്. 2021 സീസണില്‍ ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരിയായ കൊവിഡിനെ പ്രതിരോധിച്ചവര്‍ക്കായി ഉള്ള ട്രിബൂട്ട് നല്‍കാനായിരുന്നു ബെംഗളൂരു നീല ജേഴ്‌സി അണിഞ്ഞത്.
എന്നാല്‍ ആ മത്സരത്തില്‍ രസകരമായ ഒരു മോശം നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ഒരു മത്സരത്തില്‍ ഒരു സിക്‌സ് പോലും നേടാതെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കുന്നത്.
2021ല്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ബെംഗളൂരു ഒരു സിക്‌സ് പോലും നേടാതെ 20 ഓവര്‍ പൂര്‍ത്തിയാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. ബെംഗളൂരു നിരയില്‍ മൂന്നു പന്തില്‍ 39 റണ്‍സ് നേടിയ വിരാട് ആയിരുന്നു ടോപ് സ്‌കോറര്‍. മറ്റു താരങ്ങള്‍ക്കൊന്നും ടീം ടോട്ടലില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് 12 ഫോറുകളാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 19.4 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ നീണ്ട 17 വര്‍ഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Royal Challengers Bangalore unwanted record in IPL