ഐ.പി.എല്ലില്‍ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്.
ഓറഞ്ച് ആര്‍മിക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ഇതിന് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 263 റണ്‍സ് എന്ന ടോട്ടലിന്റെ റെക്കോഡാണ് ഓറഞ്ച് ആര്‍മി മറികടന്നത്.
എന്നാല്‍ ചലഞ്ചേഴ്‌സിന്റെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് ഇപ്പോഴും തകരാതെ നില്‍ക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീം എന്ന ബെംഗളൂരുവിന്റെ നേട്ടമാണ് ഇപ്പോഴും തകരാതെ നില്‍ക്കുന്നത്.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 സിക്‌സുകള്‍ ആണ് ഹൈദരാബാദിനെതിരെ അടിച്ചത്. 2013ല്‍ പൂനെക്കെതിരെ 21 സിക്‌സുകള്‍ ആയിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്. മത്സരത്തില്‍ രണ്ട് സിക്‌സര്‍ കൂടി മുംബൈയ്ക്ക് നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ ബെംഗളൂരുവിന്റെ ഈ റെക്കോഡും തകരുമായിരുന്നു.
എന്നാല്‍ മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് 38 സിക്‌സുകളാണ് നേടിയത്. മുംബൈ 20 സിക്‌സുകള്‍ അടിച്ചപ്പോള്‍ ഹൈദരാബാദ് 18 സിക്സുകളും നേടി.
മറുപടി ബാറ്റിങ്ങില്‍ മുംബൈയും തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Content Highlight: Royal Challengers Bangalore unbroken recoord in IPL History