|

ഇന്നായിരുന്നു ആ ദിവസം... കരിയറിന്റെ മോശം സമയത്തിനിടെ കോഹ്‌ലിയുടെ സെഞ്ച്വറി ഓര്‍മകള്‍ പങ്കുവെച്ച് റോയല്‍ ചാലഞ്ചേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമായിരുന്നു വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ സമസ്ത ഫോര്‍മാറ്റിലും തന്റെ സമഗ്രാധിപത്യം പുറത്തെടുത്ത കോഹ്‌ലി ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്നു.

റണ്ണടിച്ചുകൂട്ടിയും ഒന്നിന് പിന്നാലെ ഒന്നായി റെക്കോഡുകള്‍ സ്വന്തമാക്കിയും വിരാട് തന്റെ പേരിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെയും അത്യുന്നതങ്ങളില്‍ എത്തിച്ചിരുന്നു.

സച്ചിന്റെ പിന്‍ഗാമിയെന്നും സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള താരമെന്നും വിശേഷണങ്ങള്‍ ഒരുപാടായിരുന്നു കോഹ്‌ലിക്ക്. എന്നാല്‍ മുന്‍കാലങ്ങളില്‍ താന്‍ നടത്തിയ പ്രകടനങ്ങളെല്ലാം ഇപ്പോള്‍ വിരാടിനെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.

ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. തന്റെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കോഹ്‌ലി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി താരത്തിന്റെ പേരില്‍ ഒരു സെഞ്ച്വറി കുറിക്കപ്പെട്ടിട്ട്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും പഴയ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു.

താരത്തിന്റെ ആരാധകര്‍ പോലും കലിപ്പാവുകയും നിലവിട്ടുപെരുമാറുന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. തന്റെ ബെസ്റ്റിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴും അതിനാകാതെ വരുന്ന കോഹ്‌ലിയെയാണ് ഇപ്പോള്‍ കാണാനാവുന്നത്.

2019ന് ശേഷം ഒരു സെഞ്ച്വറി നേടാന്‍ താരത്തിനായിട്ടില്ല. 2020ന് ശേഷമുള്ള സ്റ്റാറ്റ്സ് പരിശേധിക്കുമ്പോള്‍ ഫാബ് ഫോറില്‍ ഏറ്റവും പുറകില്‍ തുടങ്ങിയ മോശം പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ ടെസ്റ്റില്‍ പതിനൊന്നാമനായി ഇറങ്ങുന്ന ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനേക്കാള്‍ കുറവ് ബാറ്റിങ് ആവറേജ് എന്ന നാണക്കേടും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

ഇതിനിടെയാണ് താരത്തിന്റെ പ്രതാപകാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം നേടിയ ഒരു സെഞ്ച്വറിയാണ് ആര്‍.സി.ബി പങ്കുവെച്ചിരിക്കുന്നത്.

2013ല്‍ വിന്‍ഡീസിനെതിരെ സ്‌പെയ്‌നില്‍ വെച്ച് നടന്ന കളിയില്‍ താരം നൂറടിച്ചപ്പോഴുള്ള ചിത്രമാണ് ടീം പങ്കുവെച്ചത്. 83 പന്തില്‍ നിന്നും 102 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

നിരവധി ആരാധകരാണ് ചിത്രത്തിന് പിന്നാലെ കമന്റും റീ ട്വീറ്റുമായെത്തിയിരിക്കുന്നത്.

അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഇന്നിങ്‌സിലും വിരാട് പരാജയമായിരുന്നു. 40 പന്തില്‍ നിന്നും 20 റണ്‍സ് മാത്രമായിരുന്നു വിരാട് സ്വന്തമാക്കിയത്.

അഞ്ചാം ദിനം ഇന്ത്യയ്ക്ക് വിജയിക്കാന്‍ ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തണം. അതേസമയം, ഇംഗ്ലണ്ടിന് 119 റണ്‍സ് നേടിയാല്‍ മതി. മത്സരം സമനിലയാക്കാനാവും ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്.

Content highlight: Royal Challengers share memories of Virat Kohli’s century

Video Stories