2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് 28 റണ്‍സിനാണ്
ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് റോയല്‍ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തേടിയെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഓള്‍ ഔട്ട് ആവുന്ന രണ്ടാമത്തെ ടീമായി മാറാനാണ് റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചത്.
ഐ.പി.എല്ലില്‍ 24 മത്സരങ്ങളിലാണ് ബെംഗളൂരു ഓള്‍ ഔട്ട് ആയിട്ടുള്ളത്. 23 ഈ മോശം നേട്ടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നുകൊണ്ടാണ് ബെംഗളൂരു രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. 25 തവണ പുറത്തായ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് ഈ മോശം നേട്ടത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഓള്‍ ഔട്ട് ആയ ടീം, ഓള്‍ ഔട്ട് ആയ മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
ദല്‍ഹി ക്യാപ്പിറ്റല്‍സ്-25
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-24
രാജസ്ഥാന്‍ റോയല്‍സ്-23
പഞ്ചാബ് കിങ്സ്-22
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-20
മുംബൈ ഇന്ത്യന്‍സ്-19
അതേസമയം ലഖ്‌നൗ ബാറ്റിങ്ങില്‍ 56 പന്തില്‍ 81 റണ്‍സ് നേടി ക്വിന്റണ്‍ ഡകോക്ക് കരുത്തുകാട്ടി. എട്ട് ഫോറുകളും അഞ്ച് സിക്സുകളുമാണ് താരം നേടിയത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 21 പന്തില്‍ പുറത്താവാതെ 42 നേടി യ നിക്കോളാസ് പൂരനും നിര്‍ണായകമായി. ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ലഖ്നൗ ബൗളിങ്ങില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റും നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ബെംഗളൂരു ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സിനായി മാനിപാല്‍ ലോമോര്‍ 13 പന്തില്‍ 33 റണ്‍സും പടിതാര്‍ 21 പന്തില്‍ 29 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും മൂന്നു തോല്‍വിയുമായി രണ്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ബെംഗളൂരു. ഏപ്രില്‍ ആറിന് രാജസ്ഥാനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Royal Challengers Bangalore Create a unwanted record in IPL