ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്ലിന് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200+ റണ്‍സ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 100+ റണ്‍സും ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീമും ബെംഗളൂരുവാണ്. 2015 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ബെംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്.
മഴമൂലം പത്ത് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 111 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 9.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറക്കുകയായിരുന്നു.
41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ജാക്സിനു പുറമേ 44 പന്തില്‍ 70 റണ്‍സ് നേടി കോഹ്‌ലിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്.
ജയിച്ചെങ്കിലും മൂന്ന് വിജയവും എഴു തോല്‍വിയും അടക്കം ആറ് പോയിന്റോടെ അവസാനസ്ഥാനത്ത് തന്നെയാണ് ബെംഗളൂരു. മെയ് നാലിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തന്നെയാണ് റോയല്‍ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Royal Challengers Bangalore create a new record in IPL