മുംബൈയെ വീഴ്ത്തി നേടിയത് ചരിത്രനേട്ടം; കപ്പില്ലാത്ത പേരുദോഷം മാറ്റാൻ ആർ.സി.ബി ഒരുങ്ങുന്നു
Cricket
മുംബൈയെ വീഴ്ത്തി നേടിയത് ചരിത്രനേട്ടം; കപ്പില്ലാത്ത പേരുദോഷം മാറ്റാൻ ആർ.സി.ബി ഒരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th March 2024, 9:09 am

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍. മുംബൈയെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്.

135 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈക്ക് 130 റണ്‍സ് നേടാനാണ് സാധിച്ചത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചു. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യുന്ന ടീമായി മാറാനാണ് ബെംഗളൂരുവിന് സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. ഓസീസ് സൂപ്പര്‍ താരം എലീസ് പെറിയുടെ തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് ബെംഗളൂരു മാന്യമായ സ്‌കോറില്‍ എത്തിയത്. 50 പന്തില്‍ 66 റണ്‍സ് നേടി കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളും ഒരു സിക്സുമാണ് പെറി നേടിയത്.

മുംബൈ ബൗളിങ്ങില്‍ ഹെയ്ലി മാത്യൂസ്, നാറ്റ് സ്‌കൈവര്‍ ബ്രണ്ട്, സൈക്ക ഇസ്ഹാഖ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടാനാണ് സാധിച്ചത്. 30 പന്തില്‍ പുറത്താവാതെ മൊത്തം 33 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

അമേലിയ കെര്‍ 25 പന്തില്‍ പുറത്താവാതെ 27 റണ്‍സും നാറ്റ് സ്‌കൈവര്‍ ബ്രണ്ട് 17 പന്തില്‍ 23 റണ്‍സും നേടി. റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ്ങില്‍ ശ്രേയങ്ക പാട്ടിൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മാര്‍ച്ച് 17നാണ് വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഏറ്റുമുട്ടുക.

Content Highlight: Royal Challengers Bangalore beat Mumbai Indians and reached WPL Final