| Friday, 22nd September 2023, 5:07 pm

ബി.എസ്.പി എം.പിയെ സഭയിൽ 'തീവ്രവാദി' എന്ന് വിളിച്ചു; ബി.ജെ.പി എം.പിക്ക് താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചതിന് ബി.ജെ.പി എം.പി രമേശ്‌ ബിധുരിക്ക് താക്കീത് നൽകി ലോക്സഭാ സ്പീക്കർ. ബിധുരിയുടെ പെരുമാറ്റം ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ലോക്സഭാ സ്പീക്കർ ഓം ബിർള താക്കീത് നൽകിയത്. ബി.ജെ.പി പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദേശപ്രകാരം ബിധുരിക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ചാന്ദ്രയാൻ-3 മിഷനുമായി ബന്ധപ്പെട്ട ലോക്സഭാ ചർച്ചയിൽ ബി.എസ്.പിയിലെ കുന്വർ ഡാനിഷ് അലിക്കെതിരെയാണ് ബിധുരി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. പരാമർശങ്ങൾ സഭ നീക്കം ചെയ്തിരുന്നു. ‘ഇദ്ദേഹം തീവ്രവാദിയാണ്’ എന്നായിരുന്നു ബിധുരിയുടെ പരാമർശം എന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

ബിധുരിക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ തന്റെ ലോക്സഭാ അംഗത്വം ബഹിഷ്കരിക്കുമെന്ന് ഡാനിഷ് അലി എം.പി പറഞ്ഞിരുന്നു.
‘തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? എനിക്ക് നീതി കിട്ടുമെന്നും സ്പീക്കർ അന്വേഷണം നടത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ വേദനയോടെ ഞാൻ പാർലമെന്റ് വിടും, എനിക്കിതൊട്ടും സഹിക്കാൻ കഴിയില്ല,’ ഡാനിഷ് അലി പറഞ്ഞു.

ബി.ജെ.പി നടപടി എടുക്കുമോ അല്ലെങ്കിൽ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്ന് അറിയണമെന്നും ഡാനിഷ് അലി പറഞ്ഞു.
‘ബി.ജെ.പി അപമാനിച്ചത് എന്നെയോ എന്റെ അനുയായികളെയോ മാത്രമല്ല, മുഴുവൻ രാജ്യത്തെയുമാണ്. ബി.ജെ.പി ബിധുരിക്കെതിരെ നടപടി എടുക്കുമോ അതോ സ്ഥാനക്കയറ്റം നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്ന് നോക്കാം. പാർലമെന്റിന്റെ അകത്ത് പോലും ഇത്തരം പരാമർശങ്ങൾ നടത്തുന്ന ഇദ്ദേഹം ബി.ജെ.പി നേതാക്കൾക്ക് ഒരു എതിരാളി ആയിരിക്കും,’ ഡാനിഷ് അലി കുറ്റപ്പെടുത്തി.

രമേശ്‌ ബിധുരിയുടെ പരാമർശങ്ങൾ വ്യാപക പ്രതിഷേധങ്ങൾക്ക് കാണാമായി. കോൺഗ്രസ്‌ എം.പി ജയറാം രമേശ്‌ ബിധുരിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബിധുരി ഉപയോഗിച്ച ഭാഷ പാർലമെന്റിന്റെ അകത്തും പുറത്തും ഉപയോഗിക്കാൻ പാടില്ല എന്നും ജയറാം രമേശ്‌ പറഞ്ഞു. ബിധുരിയുടെ പരാമർശത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Content Highlight: Row over unparliamentary language: BJP issues show cause notice to party MP Ramesh Bidhuri

We use cookies to give you the best possible experience. Learn more