ഇസ്‌ലാമാബാദ്: പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളെ പ്രതിരോധിക്കാന്‍ അധ്യാപകര്‍ക്ക് ആയുധം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി വടക്കു പടിഞ്ഞാറന്‍ മേഖലയിലെ അധ്യാപകര്‍ രംഗത്തെത്തി.
തങ്ങളുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണെന്നും അല്ലാതെ സുരക്ഷ നല്‍കലല്ലെന്നുമാണ് അധ്യാപകര്‍ പറയുന്നത്.
ഖൈബര്‍ പഖ്തുന്‍ഖവാ പ്രവിശ്യയിലെ ഭരണകൂടം കഴിഞ്ഞയാഴ്ചയാണ് ഈ പദ്ധതി മുന്നോട്ടുവെച്ചത്. ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ചുകൊണ്ട് അധ്യാപകര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. ആയുധങ്ങള്‍ കൊണ്ടുനടക്കാന്‍ ഒരു അധ്യാപകരുടെ മേലും സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അവര്‍ അറിയിച്ചിരുന്നു.
” സുരക്ഷാ അധികൃതര്‍ എത്തുന്നതിനു മുമ്പ് തീവ്രവാദികളെ പ്രതിരോധിക്കാന്‍ ഈ ആയുധങ്ങള്‍ ഉപകരിക്കും” എന്നാല്‍ പ്രവിശ്യയിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഷ്താഖ് ഖാനി പറഞ്ഞത്. പ്രൊവിന്‍സിലെ സ്‌കൂളുകളില്‍ സ്ഥിരമായി പോലീസിനെ നിയോഗിക്കുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ പദ്ധതി മുന്നോട്ടുവെച്ചത്.
സ്‌കൂള്‍ അതിര്‍ത്തിയില്‍ വലിയ മതിലു കെട്ടിയും സി.സി.ടി.വി ക്യാമറകളും സുരക്ഷാ ഗെയ്റ്റും സ്ഥാപിച്ചും ആക്രമണങ്ങള്‍ തടയാമെന്നും തീരുമാനിച്ചിരുന്നു.
എന്നാല്‍ അധ്യാപകര്‍ക്ക് ആയുധം എന്ന ആശയം അധ്യാപകരും പ്രതിപക്ഷവും മാധ്യമങ്ങളും നിശിതമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം അധ്യാപകരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആക്ഷേപമുയര്‍ന്നത്.
ഇതിനെതിരെ അധ്യാപകര്‍ പരാതി നല്‍കിയപ്പോള്‍ അധ്യാപകരെ ആയുധം കൊണ്ടുനടക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അതിഫ് ഖാന്‍ അറിയിക്കുകയാണുണ്ടായത്.
ജനുവരി 16നാണ് പെഷവാര്‍ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണം ഖൈബര്‍ പഖ്തുന്‍ഖവ മേഖലയിലെ സ്‌കൂളുകളുടെ സുരക്ഷ സംബന്ധിച്ച് ഭീതി ഉയര്‍ത്തിയിട്ടുണ്ട്. ഈ ആക്രമണത്തിനുശേഷം നിരവധി സ്‌കൂളുകള്‍ ഇനിയും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. തുറന്നവയില്‍ തന്നെ ഹാജര്‍ നില വളരെ കുറവാണ്.