ഗുവാഹത്തി: അസമിലെ ജനങ്ങള്‍ തെരുവുനായ്ക്കളെ ഭക്ഷിക്കുന്നുവെന്ന മഹാരാഷ്ട്ര എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. അസം നിയമസഭാ ബജറ്റ് സമ്മേളനത്തിനിടെ വിവാദം ചര്‍ച്ചയാകുകയും പിന്നാലെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയുടെ പ്രസംഗം തടസ്സപ്പെടുത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
അസമിലെ ജനങ്ങള്‍ തെരുവുനായ്ക്കളെ ഭക്ഷിക്കുന്നതിനാല്‍ അവയെ അസമിലേക്ക് അയക്കാമെന്നായിരുന്നു മഹാരാഷ്ട്ര എം.എല്‍.എ ബച്ചു കദുവിന്റെ പരാമര്‍ശം.
വിവാദ പരാമര്‍ശത്തില്‍ മഹാരാഷ്ട്ര എം.എല്‍.എക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ അസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
മഹാരാഷ്ട്ര നിയമസഭയില്‍ സംസ്ഥാനത്തെ തെരുവുനായ ശല്യത്തെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കിടെയായിരുന്നു ജനശക്തി പാര്‍ട്ടി എം.എല്‍.എ ബച്ചു കദുവിന്റെ വിവാദ പരാമര്‍ശം.
അസമില്‍ ജനങ്ങള്‍ തെരുവുനായ്ക്കളെ ഭക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ തെരുവുനായ്ക്കളെ അങ്ങോട്ട് അയക്കാമെന്നുമായിരുന്നു അദ്ദേഹം നിയമസഭയില്‍ നിര്‍ദ്ദേശിച്ചത്.
സ്വതന്ത്ര നിയമസഭാംഗമായ അഖില്‍ ഗൊഗോയ്, സി.പി.ഐ.എം എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാര്‍ എന്നിവരും എം.എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ നേതാക്കള്‍ സഭയിലേക്ക് ഇറങ്ങിയതോടെ എല്ലാവരോടും ശാന്തരാകാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
Content Highlight: Row over Maharashtra MLA’s ‘dog meat’ remark in Assam Assembly, governor’s speech disrupted