അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിയെ അഭിനന്ദിച്ച് ബി.ജെ.പി ഗുജറാത്ത് ഘടകം ട്വീറ്റ് ചെയ്ത കാരിക്കേച്ചര്‍ നീക്കം ചെയ്ത് ട്വിറ്റര്‍.
കയറില്‍ തൂങ്ങിക്കിടക്കുന്ന തൊപ്പി ധരിച്ച പുരുഷന്മാരെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നത്. അതില്‍ ഒരു ത്രിവര്‍ണ്ണ പതാകയും, പശ്ചാത്തലത്തില്‍ ഒരു ബോംബ് സ്‌ഫോടനത്തിന്റെ ചിത്രീകരണവുമുണ്ടായിരുന്നു. മുകളില്‍ വലത് വശത്ത് ‘സത്യമേവ ജയതേ’ എന്നും എഴുതിയിരിക്കുന്നു.
ശനിയാഴ്ച ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് വിവാദമായ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്.
കോടതി വിധിയോടുള്ള പ്രതികരണമാണ് കാര്‍ട്ടൂണ്‍ എന്നാണ് ഗുജറാത്തിലെ ബി.ജെ.പി വക്താവ് യാഗ്നേഷ് ദേവ് കഴിഞ്ഞ ദിവസം പറഞ്ഞത്. കാര്‍ട്ടൂണ്‍ വിവാദമായതിന് പിന്നാലെയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്.
അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ ആകെയുണ്ടായിരുന്ന 78 പ്രതികളില്‍ നിന്നാണ് കുറ്റക്കാരായി 49 പേരെ കോടതി കണ്ടെത്തിയത്. ഇതില്‍ 38 പേര്‍ക്കും വധശിക്ഷ വിധിക്കുകയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.
ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരാണ്. പ്രത്യേക ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പ്രസ്താവിച്ചത്.
2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓള്‍ഡ് സിറ്റിയില്‍ അടക്കം 20 ഇടങ്ങളിലാണ് സ്‌ഫോടനപരമ്പര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 200ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസീന്‍ ഭട്കല്‍ ഉള്‍പ്പടെ 78 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്.