പട്‌ന: എ.ഐ.എം.ഐ.എം എം.എല്‍.എമാര്‍ ‘വന്ദേമാതരം’ ചൊല്ലാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബീഹാര്‍ നിയമസഭയില്‍ ബഹളം. ശീതകാല സമ്മേളനത്തിന്റെ സമാപന ദിവസമാണ് ബഹളം ഉണ്ടായത്.
ദേശീയ ഗാനം ആലപിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നും എന്നാല്‍ വന്ദേമാതരത്തോട് എതിര്‍പ്പുണ്ടെന്നും എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷനും അമൂര്‍ നിയമസഭാംഗവുമായ അക്തറുല്‍ ഇമാന്‍ പറഞ്ഞു.
‘സഭയിലെ അംഗങ്ങളോട് ദേശ ഭക്തിഗാനം ചൊല്ലാന്‍ ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ ഒരു പുതിയ പാരമ്പര്യത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും ജനഗണമന പാടുന്നത് നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ചിലര്‍ സസ്യാഹാരികളാണെങ്കില്‍ ചിലര്‍ നോണ്‍ വെജിറ്റേറിയനാണ്. ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് അവരുടെ ഇഷ്ടമാണ്. അതുപോലെ, പുതിയ രീതി സഭയിലെ ഓരോ അംഗത്തിനും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ‘വന്ദേമാതരം’ ചൊല്ലുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്,” അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍ തങ്ങള്‍ക്ക് പൂര്‍ണമായ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.