ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ ഹനുമാന്‍ വിഗ്രഹത്തിന് മുന്‍പില്‍ ബിക്കിനി ധരിച്ച് സ്ത്രീകളുടെ ശരീരപ്രദര്‍ശനം; ഗംഗാജലം കൊണ്ട് സ്‌റ്റേജ് വൃത്തിയാക്കി കോണ്‍ഗ്രസ്
national news
ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ ഹനുമാന്‍ വിഗ്രഹത്തിന് മുന്‍പില്‍ ബിക്കിനി ധരിച്ച് സ്ത്രീകളുടെ ശരീരപ്രദര്‍ശനം; ഗംഗാജലം കൊണ്ട് സ്‌റ്റേജ് വൃത്തിയാക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2023, 11:46 am

ഭോപ്പാല്‍: ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഹനുമാന്‍ വിഗ്രഹത്തിന് മുന്‍പില്‍ ബിക്കിനി ധരിച്ച് സ്ത്രീകള്‍ ശരീരപ്രദര്‍ശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് -ബി.ജെ.പി സംഘര്‍ഷം. മധ്യപ്രദേശിലെ രത്‌ലാമില്‍ ബി.ജെ.പി സംഘടിപ്പിച്ച ബോഡി ബില്‍ഡിങ് മത്സരത്തിനിടെയായിരുന്നു സംഭവമെന്ന് ഡി.എന്‍.എ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹനുമാന് മുന്നില്‍ ബിക്കിനി ധരിച്ച് ശരീര പ്രദര്‍ശനം നടത്തിയത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ ക്ഷമാപണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി സിയാസത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

രത്‌ലാം മേയര്‍ പ്രഹ്ലാദ് പട്ടേല്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പങ്കെടുത്തിരുന്നു. ‘മുഖ്യമന്ത്രി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ്’ എന്നായിരുന്നു ചടങ്ങിന് നല്‍കിയ പേര്. മൂന്ന് ദിവസമായിരുന്നു മത്സരം.

പരിപാടിയില്‍ ബിക്കിനി ധരിച്ച് സ്ത്രീകള്‍ നടത്തിയ ശരീര പ്രദര്‍ശനം ഹനുമാനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയുമായിരുന്നു.

ഏതാനും ബി.ജെ.പി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തതായി സിയാസത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ തങ്ങളുടെ ഡ്രസ് കോഡില്‍ നിന്നുകൊണ്ട് തന്നെ മത്സരത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

മത്സരത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേജ് ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

‘നഗ്നതാ പ്രദര്‍ശനം ഹനുമാന്‍ വിഗ്രഹത്തിന് മുന്‍പില്‍ വെച്ചാണ് നടത്തിയത്. അതും ബി.ജെ.പി നേതാക്കള്‍ നോക്കി നില്‍ക്കെ. ബി.ജെ.പി അവരെ തന്നെ സ്വയം രാമ ഭക്ത പാര്‍ട്ടി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നിട്ട് അവര്‍ തന്നെ ഹനുമാനെ നിന്ദിക്കുന്നു.
ഹനുമാനെ നിന്ദിച്ചതിനും അപമാനിച്ചതിനും ബി.ജെ.പി മാപ്പ് പറയണം,’ സംസ്ഥാന കോണ്‍ഗ്രസ് മീഡിയ ഇന്‍-ചാര്‍ജ് കെ.കെ. മിശ്ര പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന് സ്ത്രീകള്‍ കായിക മേഖലയില്‍ ഉയര്‍ന്നുവരുന്നതിനോടുള്ള എതിര്‍പ്പാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

ബി.ജെ.പി-കോണ്‍ഗ്രസ് വാക്കുതര്‍ക്കം രൂക്ഷമായതിന് പിന്നാലെ മത്സരത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 400 ലധികം ബോഡി ബില്‍ഡേഴ്‌സാണ് ചടങ്ങില്‍ പങ്കെടുത്തത്.

 

 

Content Highlight: Row erupted in Madhya pradesh after women wearing bikini showed off muscles in front of Hanuman idol