| Thursday, 20th June 2024, 8:38 am

ലോകകപ്പിൽ കൊടുങ്കാറ്റായി സഞ്ജുവിന്റെ കരുത്തൻ; സിക്സറുകളിൽ ആറാടിയവന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്യൂസ്‌ജെര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്.

34 പന്തില്‍ 38 റണ്‍സ് നേടി ജോണ്‍സണ്‍ ചാള്‍സും 32 പന്തില്‍ 36 റണ്‍സ് നേടിയ നിക്കോളാസ് പൂരനും മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. നാല് ഫോറുകളും ഒരു സിക്‌സുമാണ് ഇരു താരങ്ങളുടെയും ബാറ്റില്‍ നിന്നും പിറന്നത്.

വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മന്‍ പവലും മികച്ച ഇന്നിങ്‌സാണ് നടത്തിയത്. 17 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. 211.76 സ്‌ട്രൈറ്റില്‍ അഞ്ച് കൂറ്റന്‍ സിക്‌സുകളാണ് ബാറ്റില്‍ നിന്നും പിറന്നത്.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പവലിനെ തേടിയെത്തിയത്. ടി-20 ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ 30+ റണ്‍സ് നേടുമ്പോള്‍ ഒരു ഫോര്‍ പോലും നേടാതെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമായി മാറാനാണ് വിന്‍ഡീസ് നായകന് സാധിച്ചത്.

അഞ്ച് സിക്‌സുകളാണ് ഇംഗ്ലണ്ടിനെതിരെ പവല്‍ നേടിയത്. 2010 ലോകകപ്പില്‍ കാമറൂണ്‍ വൈറ്റ് പാകിസ്ഥാനെതിരെയും ആല്‍ബി മോര്‍ക്കല്‍ ന്യൂസിലാന്‍ഡിനെതിരെയും അഞ്ച് സിക്‌സുകള്‍ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍, ആദില്‍ റഷീദ്, മോയിന്‍ അലി, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് നല്‍കിയത്. നിലവില്‍ ആറ് ഓവർ പിന്നിടുമ്പോള്‍  വിക്കറ്റുകൾ ഒന്നും നഷ്ടമാവാതെ 52 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 20 പന്തില്‍ 35 റണ്‍സുമായി സാള്‍ട്ടും 17 പന്തില്‍ 22 റണ്‍സുമായി ബട്‌ലറുമാണ് ക്രീസില്‍.

Content Highlight: Rovman Powell Great Performance against England

We use cookies to give you the best possible experience. Learn more