| Thursday, 9th August 2012, 9:49 am

ഒളിമ്പിക്‌സ് മെഡലിന്റെ വിലയെന്തെന്ന് അറിഞ്ഞു: വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സ് ഷൂട്ടിങ് മത്സരത്തില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയപ്പോള്‍ ഒരു പക്ഷേ ആ വെള്ളിയുടെ വിലയെന്തെന്ന് വിജയ് കുമാര്‍ കൃത്യമായി അറിഞ്ഞുകാണില്ല. എന്നാല്‍ മടങ്ങിവരവില്‍ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സേനാംഗങ്ങള്‍ ഒരുക്കിയ വിരുന്നിലേക്ക് പറന്നിറങ്ങിയ വിജയ് കുമാര്‍ വെള്ളി നേട്ടത്തിന്റെ വിലയെന്തെന്ന് ശരിക്കും അറിഞ്ഞു.[]

വിമാനം മണ്ണിലിറങ്ങിയ നിമിഷം വിമാനത്താവളത്തില്‍ ദേശീയ ഗാനം മുഴങ്ങി. മൂന്നാം ടെര്‍മിനലിലൂടെ വിജയ് കുമാര്‍ പുറത്തിറങ്ങി. വാദ്യഘോഷങ്ങളും ജയ്‌വിളികളും പശ്ചാത്തലമൊരുക്കിയ അന്തരീക്ഷത്തിലേക്ക്‌ കൈവീശി വിജയ് മെല്ലെ നീങ്ങി. സേനാ ആസ്ഥാനത്തേക്ക് തുറന്ന ജീപ്പില്‍ വിജയിനെ ആനയിച്ചു.

ഇതൊരു സ്വപ്‌നമാണെന്നാണ് താന്‍ കരുതുന്നതെന്നാണ് വിജയ് പറഞ്ഞത്. “ഇത്രയും വലിയ സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതുപോലൊരു സ്വീകരണം ജീവിതത്തിലാദ്യം. രാജ്യത്തിനായി മെഡല്‍ നേടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്ത്യന്‍ പതാക ഒളിമ്പിക്‌സ് വേദിയില്‍ ഉയര്‍ന്ന ആ നിമിഷം ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ഇനിയും ഇന്ത്യയ്ക്കായി നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നാണ് വിശ്വാസം”- വിജയ് പറഞ്ഞു.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഐ.എ.എസ് ഓഫിസറുടെ പദവിയില്‍ ജോലി നല്‍കാമെന്ന്‌ കായിക മന്ത്രി അജയ് മാക്കന്‍ ഉറപ്പുനല്‍കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ വാഗ്ദാനങ്ങള്‍ നിറവേറുമെന്നാണ് പ്രതീക്ഷയെന്നും സേനയില്‍ നിന്നും സമാന വാഗ്ദാനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിജയ് പറഞ്ഞു.

We use cookies to give you the best possible experience. Learn more