ലോകത്താകമാനമുള്ള കൊറിയന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ മാസ് പരിവേഷമുള്ള നടനാണ് മാ ഡോങ് സിയോക്. ആരാധകര്‍ക്കിടയില്‍ ഡോണ്‍ ലീ എന്ന് വിളിപ്പേരുള്ള താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരിയ ചിത്രമായിരുന്നു 2017ല്‍ റിലീസായ ഔട്ട്‌ലോസ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും റിലീസായിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ മികച്ച കളക്ഷനായിരുന്നു ബാക്കിയുള്ള രണ്ട് ഭാഗങ്ങളും നേടിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം ഭാഗവും കഴിഞ്ഞ ദിവസം റിലീസായിരിക്കുകയാണ്. റൗണ്ടപ്പ് 3 ദി പണിഷ്‌മെന്റ് എന്ന് പേരിട്ട ചിത്രം റിലീസിന് ആദ്യദിവസം തന്നെ റെക്കോഡ് കളക്ഷനാണ് കൊറിയന്‍ ബോക്‌സ് ഓഫീസില്‍ ഇട്ടത്. അഞ്ച് മില്ല്യണോളമാണ് ആദ്യദിനം കൊറിയയില്‍ നിന്ന് മാത്രം നേടിയത്. കൊറിയയിലെ ഭൂരിഭാഗം തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുളായിരുന്നു.
ഓവര്‍സീസ് റിലീസ് ഈ വാരം അവസാനം നടക്കാനിരിക്കെ ആദ്യ വീക്കെന്‍ഡില്‍ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും ഡോണ്‍ ലീയുടെ മുന്നില്‍ തകരുമെന്ന് ഉറപ്പാണ്. എന്നാല്‍ ചിത്രം ഇന്ത്യയില്‍ റിലീസാകുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വരാത്തത് ഇന്ത്യയിലെ കൊറിയന്‍ സിനിമാ ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇന്ത്യയില്‍ റിലീസുണ്ടായിരുന്നു.
ആദ്യ ഭാഗം റിലീസായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധയകന്‍ ഔട്ട്‌ലോസിന് ഏഴ് ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കൊറിയന്‍ ഡിറ്റക്ടീവായ മാ സീയോക് ഡോ ആയാണ് ഡോണ്‍ ലീ എത്തുന്നത്. ഓരോ ഭാഗത്തിലും ഓരോ കേസുകളാണ് നായകന്റെ മുന്നില്‍ എത്തുന്നത്. നായകനോടൊപ്പം കട്ടക്ക് നില്‍ക്കുന്ന വില്ലന്മാരാണ് ഓരോ ഭാഗത്തിന്റെയും പ്രത്യേകത.
ഒറ്റയിടിക്ക് എതിരാളികളെ നിലംപരിശാക്കുന്ന ഡോണ്‍ ലീയാണ് ഓരോ ഭാഗത്തിന്റെയും ഹൈലൈറ്റ്. താരത്തിന്റെ ഈയൊരു സവിശേഷതയാണ് ലോകത്താകമാനം ആരാധകരെ ഉണ്ടാക്കികൊടുത്തത്. സഹനടനായി കരിയര്‍ ആരംഭിച്ച മാ ഡോങ് സിയോക്കിന്റെ കരിയര്‍ മാറ്റിയത് 2016ല്‍ റിലീസായ ട്രെയിന്‍ ടു ബുസാന്‍ എന്ന ചിത്രമായിരുന്നു. പിന്നീട് നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ വലിയ ഫാന്‍ബേസ് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചു. 2021ല്‍ മാര്‍വലിന്റെ ഇറ്റേണല്‍സില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും ഡോണ്‍ ലീക്ക് സാധിച്ചു. മാര്‍വലില്‍ അഭിനയിക്കുന്ന ആദ്യ കൊറിയന്‍ നടനാണ് മാ ഡോങ് സിയോക്.
Content Highlight: Roundup 3 the Punishment creates record opening in Korean Box Office