|

കേരളത്തിനോട് ഇത്തവണയും ക്രൂരത; അഞ്ച് സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ട് നൽകി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആന്ധ്രപ്രദേശിനും തെലങ്കാനക്കും ഒരു വർഷത്തിനിടെ രണ്ടാം തവണയും ദുരന്ത നിവാരണ സഹായം അനുവദിച്ച് കേന്ദ്രം. വയനാട് ദുരന്തത്തിൽ കേരളത്തിന് 529 കോടി രൂപ കടമായി നൽകിയപ്പോഴാണ് മറ്റ് സംസ്ഥാനങ്ങൾക്ക് വീണ്ടും ദുരന്ത നിവാരണ സഹായം കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

2024ൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവയാൽ ദുരിതമനുഭവിച്ച അഞ്ച് സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) പ്രകാരം 1554.99 കോടി രൂപ അധിക കേന്ദ്ര സഹായം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി അംഗീകാരം നൽകി. ഈ സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഉൾപ്പെട്ടിട്ടില്ല.

1554.99 കോടി രൂപയുടെ ആകെ തുകയിൽ ആന്ധ്രാപ്രദേശിന് 608.08 കോടി രൂപയും, നാഗാലാൻഡിന് 170.99 കോടി രൂപയും, ഒഡീഷയ്ക്ക് 255.24 കോടി രൂപയും, തെലങ്കാനയ്ക്ക് 231.75 കോടി രൂപയും, ത്രിപുരയ്ക്ക് 288.93 കോടി രൂപയും അനുവദിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

‘ദുരന്തബാധിതരായ ജനങ്ങളെ പിന്തുണയ്ക്കാൻ മോദി സർക്കാർ ഒരു പാറ പോലെ നിലകൊള്ളുന്നു. ഇന്ന്, എൻ‌.ഡി‌.ആർ ഫണ്ടിന് കീഴിൽ ആന്ധ്രാപ്രദേശ്, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നിവയ്ക്ക് 1554.99 കോടി രൂപയുടെ അധിക കേന്ദ്ര സഹായം നൽകി. എസ്‌.ഡി‌.ആർ ഫണ്ടിന് കീഴിൽ 27 സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ച 18,322.80 കോടി രൂപക്ക് പുറമേയാണിത്,’ അമിത് ഷാ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഇതിൽ തെലങ്കാന ഒഴികെ ബാക്കിയെല്ലാം എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഒക്ടോബറിൽ ആന്ധ്രപ്രദേശിന് 1036 കോടിയും തെലങ്കാനയ്ക്ക് 416.80 കോടിയും സഹായം അനുവദിച്ചിരുന്നു. എന്നാൽ, നാന്നൂറോളം പേർ കൊല്ലപ്പെടുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്‌ത വയനാട് ദുരന്തമുണ്ടായിട്ടും കേരളത്തിന് പ്രത്യേക സഹായം അനുവദിക്കാൻ മോദിസർക്കാർ തയാറായില്ല.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2219 കോടിയുടെ പ്രത്യേക ധനസഹാസഹായം ആഗസ്റ്റിൽ കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ നിവേദനവും നൽകിയിരുന്നു. മുഖ്യമന്ത്രി ദൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട് ധനസഹായം വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ സംസ്ഥാന എം.പിമാർ ഒന്നിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ കേരളത്തെ കുറ്റപ്പെടുത്തുന്ന നുണ പ്രസ്താവനയാണ് ആഭ്യന്തരമന്ത്രിയിൽ നിന്നുണ്ടായത്.

വയനാട് ദുരന്തബാധിതർക്കായി രണ്ട് ടൗൺഷിപ്പ് ഉൾപ്പെടെ നിർമിക്കാനുള്ള നടപടികളിലേക്ക് കേരളം നീങ്ങുമ്പോഴാണ് കേന്ദ്രത്തിൻ്റെ തുടർച്ചയായ അവഗണന. വയനാട് പുനരധിവാസത്തിന് ഫെബ്രുവരിയിൽ കേരളത്തിന് വായ്‌പ അനുവദിച്ച കേന്ദ്രം മാർച്ച് 31ന് മുമ്പ് ആ തുക ചെലവഴിക്കണമെന്ന വിചിത്രമായ വ്യവസ്ഥയും വെച്ചിരുന്നു.

Content Highlight: Round zero for Kerala; Center has provided National Disaster Relief Fund to five states