|

കേരളത്തിന് വട്ടപ്പൂജ്യം; ബീഹാറിന് വാരിക്കോരി 2025ലെ ബജറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബീഹാറിന് കൈനിറയെ പാക്കേജുകൾ പ്രഖ്യാപിച്ച് 2025 ബജറ്റ്. മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണ് ഇത്തവണത്തേത് ധനമന്ത്രി നിർമല സീതാരാമന്‍ പറയുമ്പോഴും ബജറ്റിന്റെ ആത്യന്തിക ഗുണഭോക്താക്കളാകുന്നത് ബീഹാറാണ്.

അതേസമയം മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിലും കേരളത്തെ പൂർണമായി അവഗണിച്ചു. ഇത്തവണയും കേരളത്തിന്‌ കേരളത്തിന്‌ എയിംസോ പ്രത്യേക പദ്ധതികളോ ഇല്ല. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്ര ബജറ്റിലില്ല.

വയനാട്‌ ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല.

അതേസമയം പട്‌ന വിമാനത്താവളത്തിൻ്റെ വിപുലീകരണവും നാല് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും ബിഹ്തയിൽ ഒരു ബ്രൗൺഫീൽഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെ ബീഹാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഉണർവ് ലഭിച്ചിരിക്കുകയാണ്.

കിഴക്കൻ മേഖലയിലെ ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിനായി ബീഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെൻ്റ് സ്ഥാപിക്കാനും ധനമന്ത്രി നിർദേശിച്ചു.

ബീഹാറിലെ മിഥിലാഞ്ചൽ മേഖലയിലെ വെസ്റ്റേൺ കോസി കനാൽ ഇ.ആർ.എം പദ്ധതിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിലൂടെ ബീഹാറിൽ 50,000 ഹെക്ടറിലധികം ഭൂമിയിൽ കൃഷി ചെയ്യുന്ന നിരവധി കർഷകർക്ക് പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഐ.ഐ.ടിയുടെ വിപുലീകരണവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതിനാൽ നിതീഷ് കുമാറിൻ്റെ ജെ.ഡിയുവും ചന്ദ്രബാബു നായിഡുവിൻ്റെ ടി.ഡി.പിയും ചേർന്നാണ് എൻ.ഡി.എ സർക്കാർ രൂപീകരിച്ചത്. സർക്കാർ രൂപീകരിച്ച് ആഴ്ചകൾക്ക് ശേഷം, ബീഹാറിലെ വിവിധ റോഡ് പദ്ധതികൾക്കായി 2024 ലെ ബജറ്റിൽ കേന്ദ്രം 26,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Round zero for Kerala; Budget 2025 given to Bihar

Video Stories