റാഞ്ചി: മുതിര്‍ന്ന ജെ.എം.എം(ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതാവും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറന്‍ ജയിലില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ താത്കാലിക മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന ചമ്പായ് സോറന്‍ ആ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ചമ്പായ് സോറന് അതൃപ്തി ഉണ്ടായിരുന്നെന്നാണ് ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വരാനിരിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചമ്പായ് സോറന്‍ ബി.ജെ.പിയിലെത്തുമെന്നാണ് സൂചന. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പി നേതൃത്വവുമായി അദ്ദേഹം ആരംഭിച്ചു കഴിഞ്ഞെന്ന് ജെ.എം.എം മുന്‍ എം.എല്‍.എ ലോബിന്‍ ഹെംബ്രോം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച ലോബിനും ചമ്പായ് സോറനൊപ്പം ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ഏറെനാളുകളായി പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കുടുംബ വാഴ്ചയില്‍ അസ്വസ്ഥരായിരുന്നു. ഇവരെ കൂടാതെ നിലവിലെ മന്ത്രിസഭാ അംഗമായ ബദല്‍ പത്രലേഖും ബി.ജെ.പിയില്‍ ചേര്‍ന്നേക്കും.
അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വാ ശര്‍മ ചമ്പായ് സോറന്റെ ഭരണമികവിനെ പ്രശംസിച്ച് രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമാവുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് ചെയ്യാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ വെറും ആറ് മാസം കൊണ്ട് സോറന്‍ ചെയ്‌തെന്നായിരുന്നു ഹിമന്തയുടെ പ്രസ്താവന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ഹിമന്തയുടെ ഈ പരാമര്‍ശം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.
ഇതിന് പുറമെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശിന്റെ പരാമര്‍ശവും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.’ചമ്പായ് സോറന്‍ സമര്‍ത്ഥനായ ഒരു മുഖ്യമന്ത്രിയായിരുന്നു. ജാര്‍ഖണ്ഡിലെ 3.5 കോടി വരുന്ന ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തില്‍ വളരെ സന്തോഷവാന്മാരായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. അങ്ങനെ ചെയ്യാന്‍ മാത്രം അദ്ദേഹം എന്ത് തെറ്റാണ് ചെയ്തത്? ദീപക് പ്രകാശ് ചോദിച്ചു.
ഇതിന് പുറമെ ചമ്പായ് സോറന്‍ കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനെയും കൊല്‍ക്കത്തയിലെത്തി ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയേയും കണ്ടിരുന്നു. അതേസമയം തന്റെ എക്‌സ് അക്കൗണ്ട് ബയോയില്‍ നിന്ന് ചമ്പായ് സോറന്‍ ജെ.എം.എം നീക്കം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കിയിട്ടില്ല.
ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗം നേതാവായ സോറന്‍ ഏഴ് തവണ എം.എല്‍.എ ആയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് ചമ്പായ് സോറന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Content Highlight: Roumours spreading that former Jharkhand CM Champai Soren likely to join BJP