മര്യാദ കാട്ടിയാല്‍ ചര്‍ച്ചയ്ക്കു തയ്യാര്‍: ഇറാനെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ നോക്കേണ്ട: അമേരിക്കയോട് ഹസന്‍ റുഹാനി
World
മര്യാദ കാട്ടിയാല്‍ ചര്‍ച്ചയ്ക്കു തയ്യാര്‍: ഇറാനെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ നോക്കേണ്ട: അമേരിക്കയോട് ഹസന്‍ റുഹാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 10:40 am

ടെഹ്‌റാന്‍: യു.എസ് മര്യാദ കാട്ടിയാല്‍ അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. എന്നാല്‍ ഇറാനെ ഭയപ്പെടുത്തി ചര്‍ച്ചയിലേക്ക് കൊണ്ടുവരാമെന്ന് വാഷിങ്ടണ്‍ കരുതേണ്ടെന്നും റുഹാനി പറഞ്ഞതായി ഫാന്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ ഒരുമാസമായി ഇറാനും യു.എസും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ആണവകരാറില്‍ നിന്നും വാഷിങ്ടണ്‍ പിന്മാറിയതിനു പിന്നാലെ ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ തിരിച്ചുകൊണ്ടുവന്നതായിരുന്നു വാക്‌പോരിന് വഴിവെച്ചത്.

കഴിഞ്ഞവര്‍ഷമാണ് യു.എസ് ഇറാനുമേല്‍ ഉപരോധം കൊണ്ടുവന്നത്. ഈ മെയ് മുതല്‍ ഇത് കൂടുതല്‍ ശക്തമാക്കുകയും ഇറാനിയന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ചകളില്‍ സൈനിക നടപടിയുടെ സൂചനകളും യു.എസ് നല്‍കിയിരുന്നു. ഇറാനിയന്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞ് യു.എസ് മിഡില്‍ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു.

2015ലെ ആണവ കരാര്‍ അത്ര ശക്തമല്ലെന്നും ഇറാന്‍ പുതിയ കരാറിനെക്കുറിച്ച് ആലോചിക്കണമെന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. പുതിയ ചര്‍ച്ചകളുടെ സാധ്യതയെക്കുറിച്ചും ചില യു.എസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ട്.

‘ ഇതേ നേതൃത്വത്തില്‍ മഹത്തായ രാജ്യമായി തുടരാനുള്ള അവസരം ഇറാനുണ്ട്. ഭരണമാറ്റത്തിന് ഞങ്ങള്‍ താല്‍പര്യപ്പെടുന്നില്ല. അത് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നാണ് തിങ്കളാഴ്ച ട്രംപ് പറഞ്ഞത്.

ഇതിനോട് റുഹാനിയുടെ പ്രതികരണം ഇതായിരുന്നു. ‘ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ച് ഒരുമേശയ്ക്കു ചുറ്റും പരസ്പര ആദരവോടെ ഇരുന്നുള്ള ചര്‍ച്ചയ്ക്കാണെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്. യു.എസ് ചര്‍ച്ചയ്ക്ക് ഉത്തരവിടുകയാണെങ്കില്‍ അതിനു ഞങ്ങളെ കിട്ടില്ല.’

‘ഭീഷണിയ്ക്കും അധികാരപ്രയോഗത്തിനും വഴങ്ങില്ലെന്ന് ഞങ്ങള്‍ ഇതിനകം ബോധ്യപ്പെടുത്തിയിട്ടുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞു.