അറിയാമായിരുന്നു സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്
Kerala
അറിയാമായിരുന്നു സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 11:28 am

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ ഉജ്ജ്വല വിജയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

പ്രതിപക്ഷത്തുനിന്നും വലിയ ആക്രമണങ്ങളും ആരോപണങ്ങളും ഉയര്‍ന്നപ്പോഴും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനായ ഇടത് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ചായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയത്.

പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് അറിയാമായിരുന്നുവെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

അധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു, അതുപോലെ ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളികള്‍ മറക്കില്ലെന്ന് അറിയാമായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്

അഭിനന്ദനങ്ങള്‍

അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്.

അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്

അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത്.. ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പന്‍ വിജയം!

2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ട്. 2015 ല്‍ ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്താക്കി ഉയര്‍ത്താന്‍ ഇടതുമുന്നണിയ്ക്കായി. കഴിഞ്ഞ തവണ 98 ബ്ലോക്കില്‍ ജയിച്ചപ്പോള്‍ ഇത്തവണ 108 ഇടത്തും വിജയം കുറിച്ചു. ആറില്‍ 5 കോര്‍പറേഷനും എല്‍.ഡി.എഫിനൊപ്പം നിന്നു. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ മേല്‍ക്കൈ നേടാനും എല്‍.ഡി.എഫിനായി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയമാണ് നേടിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rosshan Andrrews congratulate pinarayi vijayan