മലയാള സിനിമയില്‍ നിവിന് മാത്രമേ അങ്ങനെയുള്ള മുഖഭാവവും ആറ്റിറ്റിയൂഡൂം ഉള്ളു: റോഷന്‍ ആന്‍ഡ്രൂസ്
Entertainment
മലയാള സിനിമയില്‍ നിവിന് മാത്രമേ അങ്ങനെയുള്ള മുഖഭാവവും ആറ്റിറ്റിയൂഡൂം ഉള്ളു: റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th November 2022, 11:47 pm

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സ്റ്റാന്‍ലിയെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

ഭൂമി ഇടിഞ്ഞുവീണാലും തന്നെ ബാധിക്കില്ല എന്ന മുഖവും ഭാവവുമുള്ള ഒരാളെയായിരുന്നു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയിരുന്നതെന്നും അതാണ് നിവിനിലേക്ക് എത്താനുള്ള പ്രധാന കാരണമെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

മലയാള സിനിമയില്‍ നിവിന്‍ പോളിക്ക് മാത്രമേ അത്തരത്തിലുള്ള മുഖഭാവവും ആറ്റിറ്റിയൂഡും ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തിന്റെ അബ്‌നോര്‍മാലിറ്റിയും നിവിനില്‍ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. യു.ബി.എല്‍.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്.

‘ലോകത്ത് എന്ത് സംഭവിച്ചാലും ഒരു കുഴപ്പവുമില്ലെന്ന ഭാവമുള്ള ഒരു മുഖം വേണമായിരുന്നു. ഭൂമി ഇടിഞ്ഞുവീണാലും ഇവനെ ബാധിക്കില്ല എന്ന് പറയില്ലേ അങ്ങനെ ഒരാളെ ആയിരുന്നു വേണ്ടിയിരുന്നത്.

ഒരു ഡ്യൂഡിസം( dudesim) വേണമായിരുന്നു. അത് മലയാള സിനിമയില്‍ ഇദ്ദേഹത്തിന് മാത്രമേയുള്ളു. അങ്ങനെത്തെ ഒരു മുഖവും ആറ്റിറ്റിയൂഡും നിവിനേയുള്ളു. ക്യാരക്ടറിന് ഒരു അബ്‌നോര്‍മാലിറ്റി വേണമായിരുന്നു, അതാണ് നിവിനെ തെരഞ്ഞെടുത്തത്.

വേണമെങ്കില്‍ ഇത്തരം ചോദ്യങ്ങളോട് നുണയായി ഉത്തരം പറയാം. നിവിന്‍ പോളിയെ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നൊക്കെ വേണമെങ്കില്‍ പയാം. പക്ഷെ, സത്യമായ കാര്യമാണ് ഞാന്‍ പറഞ്ഞത്,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

‘ഭയങ്കരം തന്നെ’ എന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍ക്ക് ചിരിച്ചുകൊണ്ട് നിവിന്‍ നല്‍കിയ മറുപടി.

നവംബര്‍ നാലിനാണ് സാറ്റര്‍ഡേ നൈറ്റ് തിയേറ്ററുകളിലെത്തിയത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

നാല് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെയും അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിലായിരുന്നു ചിത്രം കഥ പറഞ്ഞത്.

Content Highlight: Rosshan Andrrews about the special quality of Nivin Pauly