സെഡന്‍ പാര്‍ക്ക്: ഇന്ത്യക്കെതിരായ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നതിന് മുമ്പേ ഇന്ത്യയെ മെരുക്കാന്‍ പ്രയാസമാണെന്ന് സമ്മതിച്ച് ന്യൂസിലാന്‍ഡ് താരം റോസ് ടെയ്ലര്‍. നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാനാണ് കോഹ്ലിയെന്നും റോസ് ടെയ്ലര്‍ പറഞ്ഞു.
അതേസമയം വിരാട് കോഹ്ലിയെ പുറത്താക്കുന്നതിന് മുമ്പ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയേയും ശിഖര്‍ ധവാനേയും പുറത്താക്കേണ്ടതുണ്ടെന്നും ഞങ്ങളുടെ പേസര്‍മാര്‍ അതിനായി ശ്രമിക്കുമെന്നും ടെയ്ലര്‍ വ്യക്തമാക്കി.
അതേസമയം ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വീരേന്ദര്‍ സെവാഗിനെ മറികടക്കാനുള്ള സുവര്‍ണാവസരമാണ്. ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്ക് കോലിക്ക് രണ്ട് ശതകങ്ങളുടെ അകലമെയുള്ളൂ. ആറ് സെഞ്ചുറികളാണ് വീരുവിന്റെ പേരിലുള്ളത്. അഞ്ച് ശതകങ്ങളുമായി സച്ചിനൊപ്പം കോഹ്‌ലി രണ്ടാമതുണ്ട്.
അഞ്ച് ഏകദിനങ്ങളാണ് ന്യൂസീലന്‍ഡില്‍ ഇന്ത്യ കളിക്കുന്നത്. മികവ് തുടര്‍ന്നാല്‍ രണ്ട് സെഞ്ചുറികള്‍ ഇന്ത്യന്‍ നായകന്‍ വിദൂരമല്ല. ഏകദിനത്തില്‍ 1,750 റണ്‍സ് നേടിയിട്ടുള്ള സച്ചിനാണ് കിവികള്‍ക്കെതിരെ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. 1,157 റണ്‍സ് നേടിയിട്ടുള്ള സെവാഗാണ് രണ്ടാമത്. നാല് റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് സെവാഗിനെ മറികടക്കാനാകും. കോലിയുടെ അക്കൗണ്ടില്‍ ഇതിനകം 1,154 റണ്‍സുണ്ട്
ഈ മാസം 23 മുതലാണ് ഇന്ത്യക്കെതിരായ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. നേപിയറിലാണ് ആദ്യ ഏകദിനം. ഇന്ത്യന്‍ സമയം രാവിലെ 7.30ന് കളി ആരംഭിക്കും.