ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റോസ് ടെയ്‌ലര്‍. ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചിട്ട് അധിക നാളൊന്നുമായിട്ടില്ല. വിരമിച്ചതിന് പിന്നാലെ തന്റെ കരിയറിലുണ്ടായിട്ടുള്ള ചെറുതും വലുതുമായുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍.
ന്യൂസിലാന്‍ഡ് ക്രിക്കറ്റും താരങ്ങളും തനിക്ക് നേരെ വംശീയാധിക്ഷേപം നടത്തിയെന്ന് തുറന്നുപറഞ്ഞതിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഉടമ കരണത്തടിച്ചതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
തന്റെ ഐ.പി.എല്‍ കരിയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പടെ നിരവധി ഫ്രാഞ്ചൈസികളെ അദ്ദേഹം പ്രതിനിധീകരിച്ചു. ക്യാഷ് റിച്ച് ലീഗിലെ ഒരു മത്സരത്തില്‍ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടതിന് ടെയ്ലറെ രാജസ്ഥാന്റെ ഉടമ മൂന്നാല് തവണ മുഖത്തടിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
2011ല്‍ മൊഹാലിയില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ഞാന്‍ ഡക്കിന് പുറത്തായപ്പോള്‍ റോയല്‍സ് ഉടമ എന്നെ മൂന്നാല് തവണ തല്ലുകയും ‘ഡക്കൗട്ടാകാനല്ല ഞങ്ങള്‍ നിങ്ങള്‍ക്ക് മില്യണുകള്‍ നല്‍കുന്നത്’ എന്ന് പറഞ്ഞു ചിരിച്ചു. ഇത് കഠിനമായ അടിയായിരുന്നില്ല, പക്ഷേ പ്രൊഫഷണല്‍ കായിക രംഗത്ത് ഇത് സംഭവിക്കുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല,’ ടെയ്‌ലര്‍ പറഞ്ഞു.
റോയല്‍സ് ടെയ്‌ലറിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെയ്ലര്‍ 2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. തുടര്‍ന്ന് 2011ല്‍ റോയല്‍സിനൊപ്പമായിരുന്നു. പിന്നീട് ദല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ എന്നീ ടീമുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു.
Content Highlights: Ross Taylor says he was slapped by Rajastan Royals Owner once