'അടുത്ത 'തുന്നല്‍' തിരുവനന്തപുരത്താണ്, തീര്‍ച്ചയായും വരണം'; തുന്നല്‍ കടയ്ക്കു മുന്നില്‍ നിന്നും സെവാഗിനെ വെല്ലുവിളിച്ച് റോസ് ടെയ്‌ലര്‍; ട്വിറ്റര്‍ യുദ്ധം തുടരുമ്പോള്‍ ആരു ജയിക്കും
Daily News
'അടുത്ത 'തുന്നല്‍' തിരുവനന്തപുരത്താണ്, തീര്‍ച്ചയായും വരണം'; തുന്നല്‍ കടയ്ക്കു മുന്നില്‍ നിന്നും സെവാഗിനെ വെല്ലുവിളിച്ച് റോസ് ടെയ്‌ലര്‍; ട്വിറ്റര്‍ യുദ്ധം തുടരുമ്പോള്‍ ആരു ജയിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2017, 11:39 pm

മുംബൈ: ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയ്‌ക്കൊപ്പം തുടങ്ങിയതായിരുന്നു ട്വിറ്ററിലൂടെയുള്ള സെവാഗ്-ടെയ്‌ലര്‍ യുദ്ധവും. രണ്ടാളും നല്ല രസികന്മാരായതു കൊണ്ട് സംഭവം ആരാധകര്‍ക്ക് നല്ലൊരു ചിരി വിരുന്നായി മാറി. ടെയ്‌ലറെ തുന്നല്‍ക്കാരനെന്ന് വിളിച്ചു കൊണ്ട് വീരുവായിരുന്നു തുടക്കം കുറിച്ചതും.

ഇപ്പോഴിതാ സെവാഗിനെ വീണ്ടും വെല്ലുവിളിച്ച് ടെയ്‌ലര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്‌ക്കോട്ടില്‍ ഇന്ത്യയെ കിവിസ് പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വീരുവിന്റെ ട്വീറ്റ്.

” ടെയ്‌ലറുടെ കട അടച്ചിരിക്കുകയാണ്. അടുത്ത തുന്നല്‍ തിരുവനന്തപുരത്താണ്. തീര്‍ച്ചയായും വരണം.” എന്നായിരുന്നു കിവീസ് താരത്തിന്റെ ട്വീറ്റ്. രാജ്‌ക്കോട്ടിലെ തെരുവിലുള്ള തുന്നല്‍ക്കാരന്റെ കടയ്ക്കു മുന്നില്‍ നിന്നുമുള്ള തന്റെ ചിത്രവും ടെയ്‌ലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്വിറ്ററില്‍ ഇരുവരും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഒന്നാം ഏകദിനത്തില്‍ 95 റണ്‍സുമായി മിന്നും പ്രകടനം പുറത്തെടുത്ത ടെയ്ലറെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു സെവാഗിന്റെ പതിവ് ശൈലിയിലുള്ള ട്രോള്‍. ദര്‍ജീ എന്നായിരുന്നു ട്വീറ്റില്‍ സെവാഗ് ടെയ്ലറെ വിളിച്ചത്. ദര്‍ജി എന്നാല്‍ ഹിന്ദിയില്‍ തുന്നല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. ദിവാലിയുടെ ഓര്‍ഡറുകളുടെ സമ്മര്‍ദ്ദത്തിനിടയിലും ദര്‍ജിയുടെ പ്രകടനം നന്നായിരുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.


Also Read: ‘ഇനിയും വൈകിയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയെന്ന് വരില്ല’; കൊടുങ്കാറ്റിലും പേമാരിയ്ക്കും ഉലയാത്ത യുവരാജ് പൊട്ടിക്കരഞ്ഞു; ഈറനണിഞ്ഞ് ബച്ചനും വിദ്യാ ബാലനും, വീഡിയോ


ടെയ്ലര്‍ പക്ഷെ തിരിച്ചടിച്ചു. അതും വൃത്തിയ്ക്ക് ഹിന്ദിയില്‍ തന്നെ. കൃത്യ സമയത്തു തന്നെ ഓര്‍ഡര്‍ തന്നാല്‍ അടുത്ത ദിവാലിയ്ക്ക് മുമ്പുതന്നെ എല്ലാം ഡെലിവറി ചെയ്യാം എന്നായിരുന്നു ടെയ്ലറുടെ മറുപടി. അവിടം കൊണ്ട് തീര്‍ന്നെന്ന് കരുതിയിരിക്കെ വീരുവിന്റെ മറുപടിയെത്തി. ഇത്തവണത്തെ പാന്റിന്റെ ഇറക്കം അടുത്ത തവണ കുറച്ച് തരണമെന്നായിരുന്നു സെവാഗിന്റെ അടുത്ത ട്വീറ്റ്.

അതിന് ഇത്തവണത്തെ തുന്നല്‍ ശരിയായില്ലേയെന്നും ദല്‍ഹിയില്‍ കാണാമെന്നുമായിരുന്നു ടെയ്ലറിന്റെ മറുപടി. ഒടുവില്‍ നിങ്ങളെപ്പോലെ തുന്നാന്‍ അറിയുന്ന ആരുമില്ലെന്ന് പറഞ്ഞ് സെവാഗ് അടിയറവ് പറയുകയായിരുന്നു.