മുംബൈ: വിരമിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലൂടെ എതിരാളികളെ ബൗണ്ടറി കടത്തുന്നതാണ് വിരേന്ദര്‍ സെവാഗിന്റെ പരിപാടി. കുറിക്കു കൊള്ളുന്ന വാക്കുകളുമായി സാക്ഷാല്‍ സച്ചിനടക്കമുള്ളവരെ വീരു ട്രോളും. അക്കാര്യത്തിലും തന്റെ ബാറ്റിംഗിലെന്ന പോലെ യാതൊരു ദയയും വീരു കാണിക്കാറില്ല. പക്ഷെ ഇത്തവണ പണി ചെറുതായിട്ടൊന്ന് പാളിയോ എന്നു സംശയം.
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ കിവീസിന്റെ വിജയശില്‍പ്പി റോസ് ടെയ്‌ലറിനെ ട്രോളാന്‍ പോയ വീരുവിന് പണി പാളി. കൊടുത്തതിലും വലുത് ടെയ്‌ലര്‍ തിരിച്ചു കൊടുത്തു. ഇരുവരുടേയും ട്വിറ്റര്‍ സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്.
ഒന്നാം ഏകദിനത്തില്‍ 95 റണ്‍സുമായി മിന്നും പ്രകടനം പുറത്തെടുത്ത ടെയ്‌ലറെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു സെവാഗിന്റെ പതിവ് ശൈലിയിലുള്ള ട്രോള്‍. ദര്‍ജീ എന്നായിരുന്നു ട്വീറ്റില്‍ സെവാഗ് ടെയ്‌ലറെ വിളിച്ചത്. ദര്‍ജി എന്നാല്‍ ഹിന്ദിയില്‍ തുന്നല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. ദിവാലിയുടെ ഓര്‍ഡറുകളുടെ സമ്മര്‍ദ്ദത്തിനിടയിലും ദര്‍ജിയുടെ പ്രകടനം നന്നായിരുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.
ടെയ്‌ലര്‍ പക്ഷെ തിരിച്ചടിച്ചു. അതും വൃത്തിയ്ക്ക് ഹിന്ദിയില്‍ തന്നെ. കൃത്യ സമയത്തു തന്നെ ഓര്‍ഡര്‍ തന്നാല്‍ അടുത്ത ദിവാലിയ്ക്ക് മുമ്പുതന്നെ എല്ലാം ഡെലിവറി ചെയ്യാം എന്നായിരുന്നു ടെയ്‌ലറുടെ മറുപടി. അവിടം കൊണ്ട് തീര്‍ന്നെന്ന് കരുതിയിരിക്കെ വീരുവിന്റെ മറുപടിയെത്തി. ഇത്തവണത്തെ പാന്റിന്റെ ഇറക്കം അടുത്ത തവണ കുറച്ച് തരണമെന്നായിരുന്നു സെവാഗിന്റെ അടുത്ത ട്വീറ്റ്.
അതിന് ഇത്തവണത്തെ തുന്നല്‍ ശരിയായില്ലേയെന്നും ദല്‍ഹിയില്‍ കാണാമെന്നുമായിരുന്നു ടെയ്‌ലറിന്റെ മറുപടി. ഒടുവില്‍ നിങ്ങളെപ്പോലെ തുന്നാന്‍ അറിയുന്ന ആരുമില്ലെന്ന് പറഞ്ഞ് സെവാഗ് അടിയറവ് പറയുകയായിരുന്നു.
ട്വീറ്റുകള്‍ കാണാം