| Sunday, 14th August 2022, 3:01 pm

മത്സരത്തിനിടെ ഒന്ന് തന്ന് സേവാഗ് പറഞ്ഞ ആ കാര്യം എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു: റോസ് ടെയ്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലറിന്റെ ആത്മകഥയായ ബ്ലാക് ആന്‍ഡ് വൈറ്റ് പുറത്തിറങ്ങിയത്. ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ തനിക്ക് നേരിട്ട വിഷമങ്ങളും ടീമിനൊപ്പമുള്ള രസകരമായ നിമിഷങ്ങളും മറ്റ് പര്യടനങ്ങളെ കുറിച്ചുമെല്ലാം തന്നെ ടെയ്‌ലര്‍ രസകരമായി എഴുതിയിട്ടുണ്ട്.

ഇപ്പോഴിതാ, വിരേന്ദര്‍ സേവാഗ് തന്റെ കളിയെയും മനോഭാവത്തേയും സ്വാധീനിച്ചതിനെ കുറിച്ച് പറയുകയാണ് ടെയ്‌ലര്‍. മത്സരത്തിനിടെ സേവാഗ് തന്ന നിര്‍ദേശം ശരിക്കും ഫലവത്തായി എന്നും അദ്ദേഹം പറയുന്നു.

2012 ഐ.പി.എല്ലിനിടെയായിരുന്നു സംഭവം. ഇരുവരും അന്ന് ദല്‍ഹിക്ക് വേണ്ടി കളിക്കുകയായിരുന്നു. ടീം അംഗങ്ങളെല്ലാം തന്നെ ഒരിക്കല്‍ സേവാഗിന്റെ റെസ്റ്റോറെന്റില്‍ ചെന്നു.

അന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത്. മറ്റെല്ലാവരും സിറ്റിയുടെ വിജയത്തില്‍ ആഹ്ലാദിക്കുമ്പോള്‍ ടെയ്‌ലര്‍ മാത്രം മാറിയിരുന്ന് തനിക്കിഷ്ടപ്പെട്ട കൊഞ്ച് കഴിക്കുകയായിരുന്നു.

‘സെവാഗിന്റെ റെസ്റ്റോറന്റില്‍ ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഒരു രാത്രി ഉണ്ടായിരുന്നു. റെസ്റ്റോറെന്റില്‍ പലരും ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം അവിടെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രീമിയര്‍ ലീഗിന്റെ അവസാന റൗണ്ടായിരുന്നു അത്. സ്റ്റോപ്പേജ് ടൈമില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ 3-2ന് വിജയിച്ചു. 44 വര്‍ഷത്തിന് ശേഷമുള്ള ആദ്യ കിരീടമായിരുന്നു അത്.

വളരെ നല്ല ഭക്ഷമായിരുന്നു റെസ്‌റ്റോറെന്റിലേത്. പ്രത്യേകിച്ചും കൊഞ്ച്. എനിക്കാണെങ്കില്‍ അത് കണ്ട് കഴിക്കാതിരിക്കാനും കഴിഞ്ഞില്ല.

അടുത്ത ദിവസം ഞങ്ങള്‍ക്ക് കളിയുണ്ടായിരുന്നു. സേവാഗ് ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അടിച്ചുകളിക്കുകയായിരുന്നു. അദ്ദേഹം കൂളായാണ് ഓരോ ബൗണ്ടറിയും നേടിയത്. എന്നാല്‍ ഞാനടക്കമുള്ള വിദേശ താരങ്ങള്‍ റണ്ണെടുക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു.

എനിക്ക് വേണ്ടി വലിയ വിലയാണ് ദല്‍ഹി മുടക്കിയത്, അതുകൊണ്ട് ഞാന്‍ സ്‌കോര്‍ ചെയ്‌തേ മതിയായിരുന്നുള്ളൂ. ഇതെല്ലാം കൊണ്ട് ഞാന്‍ ഏറെ പരിഭ്രാന്തനായിരുന്നു. പക്ഷേ അപ്പോഴും സെവാഗ് വളരെ ശാന്തനായിരുന്നു.

എന്റെ പരിഭ്രാന്തി കണ്ട അദ്ദേഹം ഒരു പഞ്ച് തന്ന് എന്നോട് കൊഞ്ച് കഴിക്കുന്നത് പോലെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ സംബന്ധിച്ച് ക്രിക്കറ്റ് ഒരു ഹോബിയായിരുന്നു, ഫണ്ണിന് വേണ്ടിയായിരുന്നു അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നത്.

അന്നുമുതലിങ്ങോട്ട് എപ്പോഴെല്ലാം തമ്മില്‍ കണ്ടുമുട്ടിയോ, അപ്പോഴെല്ലാം തന്നെ അദ്ദേഹം കൊഞ്ചിനെ കുറിച്ച് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു,’ ടെയ്‌ലര്‍ പറയുന്നു.

ആ ഒറ്റ സീസണില്‍ മാത്രമായിരുന്നു താരം ദല്‍ഹി ഡെയര്‍ഡെവിള്‍സിന് (ദല്‍ഹി ക്യാപ്പിറ്റല്‍) വേണ്ടി കളിച്ചത്. സീസണില്‍ 16 മത്സരത്തില്‍ നിന്നുമായി 256 റണ്‍സും അദ്ദേഹം നേടിയിരുന്നു.

Content Highlight: Ross Taylor about Virender Sehwag’s advice

Latest Stories

We use cookies to give you the best possible experience. Learn more