ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ലെജന്‍ഡ് റോസ് ടെയ്‌ലറിന്റെ ആത്മകഥയായ ‘ബ്ലാക് ആന്‍ഡ് വൈറ്റ്’ പുറത്തിറങ്ങിയത്. ആത്മകഥയില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും നേരിട്ട വംശീയ അധിക്ഷേപങ്ങളെ കുറിച്ച് ടെയ്‌ലര്‍ തുറന്നെഴുതിയപ്പോള്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം അത് കേട്ടത്.
എന്നാല്‍, തന്റെ ക്രിക്കറ്റ് കരിയറില്‍ സംഭവിച്ച പല കാര്യങ്ങളും താരം രസകരമായി തന്നെ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഡക്കാവാതിരിക്കാനുള്ള റോസ് ടെയ്‌ലറിന്റെ ഒറ്റമൂലിയെന്ന പേരിലാണ് ഇത് ചര്‍ച്ചയാവുന്നത്. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഡക്കായതിന് പിന്നാലെയാണ് പൂജ്യത്തിന് പുറത്താവാതിരിക്കാനുള്ള തന്ത്രത്തെ കുറിച്ച് അദ്ദേഹം പറയുന്നത്.
മത്സരത്തിന് മുമ്പ് താറാവിറച്ചി കഴിക്കരുതെന്നാണ് താരം പറയുന്നത്. അങ്ങനെ ഡക്ക് കഴിച്ചതിന്റെ പേരില്‍ ഡക്കായതിനെ കുറിച്ചും താരം പറയുന്നുണ്ട്.
‘2007ല്‍ എന്റെ ആദ്യത്തെ ലോകകപ്പിന്റെ തലേദിവസം രാത്രിയായിരുന്നു സംഭവം. ഇംഗ്ലണ്ടിനെതിരെ സെന്റ് ലൂസിയയില്‍ വെച്ചായിരുന്നു മത്സരം. വിക്ടോറിയയും ഞാനും ഒരു ചൈനീസ് റെസ്‌റ്റോറെന്റില്‍ പോയി. എന്റെ ഫേവറിറ്റ് ഭക്ഷണമായ ക്രിസ്പി അരോമാറ്റിക് ഡക്ക് കഴിച്ചു.
അടുത്ത ദിവസത്തെ മത്സരത്തില്‍ ലിയാം പ്ലാങ്കറ്റ് ഒരു ഔട്ട് സ്വിങ്ങര്‍ എറിഞ്ഞു. ഞാനത് കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ ഫ്‌ളിന്റോഫ് അത് ഒറ്റക്കൈയില്‍ ക്യാച്ചെടുത്തു.
റൂള്‍ നമ്പര്‍ ഒന്ന്: കളിയുടെ തലേന്ന് ഡക്ക് കഴിക്കരുത്,’ താരം പറഞ്ഞു.
അന്ന് മാത്രമല്ല അതിന് ശേഷം താറാവ് കഴിച്ച് മത്സരത്തിനിറങ്ങിയപ്പോഴും താന്‍ പൂജ്യത്തിന് പുറത്തായെന്നും ടെയ്‌ലര്‍ പറയുന്നു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളൊരു ഡീഗസ്റ്റേഷന്‍ ഡിന്നറിന് പോയി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ മത്സരമുള്ളതിനാല്‍ ഡക്ക് കഴിക്കില്ലെന്ന് ഞാന്‍ പറഞ്ഞു.
എന്നാല്‍ ടീം മേറ്റ്‌സ് കളിയുടെ തലേന്ന് ഡക്ക് കഴിച്ചാല്‍ മാത്രമേ പ്രശ്‌നമുണ്ടാകൂ എന്നും എന്നോട് കഴിക്കാന്‍ ആവശ്യപ്പെടുകും ചെയ്തു. അങ്ങനെ ഞാന്‍ കുറച്ച് ഡക്ക് കഴിച്ചു. പ്രതീക്ഷിച്ചതുപോലെ ആ മത്സരത്തില്‍ ഞാന്‍ ഗോള്‍ഡന്‍ ഡക്ക് ആവുകയായിരുന്നു,’ ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ross Taylor about eating duck and getting out for a duck