ബേ ഓവല്‍: ഇന്ത്യ-ന്യൂസിലാന്റ് അഞ്ചാം ടി-20യില്‍ താരങ്ങളെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകള്‍. ന്യൂസിലാന്റിന്റെ വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ ക്രിക്കറ്റിലെ അപൂര്‍വ്വ റെക്കോഡിലേക്ക് ഒരുപടി കൂടി അടുക്കുന്നുവെന്നതാണ് ഈ മത്സരത്തിലെ ഒരു പ്രത്യേകത.
അന്താരാഷ്ട്ര ടി-20 യില്‍ 100-ാമത്തെ മത്സരത്തിനാണ് റോസ് ടെയ്‌ലര്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കിവീസ് പുരുഷതാരമാണ് റോസ് ടെയ്‌ലര്‍. 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വനിതാ താരം സൂസി ബേറ്റ്‌സാണ് ഈ നേട്ടം കിവി ജേഴ്‌സിയില്‍ ആദ്യം സ്വന്തമാക്കിയത്.
പുരുഷതാരങ്ങളില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം താരം കൂടിയാണ് ടെയ്‌ലര്‍. ഷോയ്ബ് മാലിക് (113), രോഹിത് ശര്‍മ്മ (107) എന്നിവരാണ് ടി-20 മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി അടിച്ച മറ്റ് പുരുഷതാരങ്ങള്‍.
ടി-20 പരമ്പര ഇന്നത്തോടെ അവസാനിക്കാനിരിക്കെ ഫെബ്രുവരി 21 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും ടെയ്‌ലറെ ഒരു അപൂര്‍വ്വ റെക്കോഡ് കാത്തിരിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരമായിരിക്കും ടെയ്‌ലര്‍. 228 ഏകദിനങ്ങളും 100 ടി-20യും 99 ടെസ്റ്റ് മത്സരങ്ങളുമാണ് ടെയ്‌ലര്‍ ന്യൂസിലാന്റിനായി കളിച്ചിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അവസാന ഇലവനില്‍ ടെയ്‌ലര്‍ ഉള്‍പ്പെട്ടാല്‍ താരത്തിന്റെ നൂറാമത്തെ ടെസ്റ്റ് മത്സരമാകും ഇത്.
മൂന്ന് ഫോര്‍മാറ്റുകളിലുമായി 17406 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്.
മറുവശത്ത് രോഹിത് ശര്‍മ്മയും റെക്കോഡ് നേട്ടത്തിനടുത്താണ്. 100 ഇന്നിംഗ്‌സുകള്‍ ടി-20യില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം, ലോകത്തിലെ തന്നെ രണ്ടാമത്തെ മാത്രം താരം എന്ന റെക്കോഡാണ് രോഹിതിനെ കാത്തിരിക്കുന്നത്. 107 ടി-20 യില്‍ രോഹിത് ഇന്ത്യയ്ക്കായി കളിക്കളത്തിലിറങ്ങിയെങ്കിലും 99 ഇന്നിംഗ്‌സ് മാത്രമാണ് കളിച്ചിട്ടുള്ളത്.
105 ഇന്നിംഗ്‌സ് കളിച്ചിട്ടുള്ള ഷൊയ്ബ് മാലിക്കാണ് രോഹിതിന് മുന്നിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്ന് റെക്കോഡ് പുസ്തകത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കും. ബുംറയുടെ 50-ാമത്തെ ടി-20 മത്സരമാണിത്. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ.
അതേസമയം തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഓപ്പണറായി അവസരം ലഭിച്ച സഞ്ജു വീണ്ടും നിരാശപ്പെടുത്തി. വിശ്രമത്തിലുള്ള വിരാട് കോഹ്‌ലിയ്ക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.
സഞ്ജുവിന് വേണ്ടി ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുത്താണ് രോഹിത് ഇറങ്ങിയത്. രണ്ട് റണ്‍സെടുത്ത് പുറത്തായ സഞ്ജുവിന് ശേഷം ക്രീസിലെത്തിയ രോഹിതും രാഹുലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചത്.
WATCH THIS VIDEO: