ഒറ്റ ഗോളില്‍ തകര്‍ന്നത് 34 വര്‍ഷത്തെ റെക്കോഡ്; ചരിത്രത്തില്‍ ഇടം നേടി റേഞ്ചേഴ്‌സ് യുവതാരം
Football
ഒറ്റ ഗോളില്‍ തകര്‍ന്നത് 34 വര്‍ഷത്തെ റെക്കോഡ്; ചരിത്രത്തില്‍ ഇടം നേടി റേഞ്ചേഴ്‌സ് യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 9:28 am

യുവേഫ യൂറോപ്പ ലീഗില്‍ റേഞ്ചേഴ്‌സ്-അരിസ് ലിമാസോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ വീതം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തില്‍ റേഞ്ചേഴ്‌സിനായി ഗോള്‍ നേടിയത് റോസ് മക്കാസുലാന്‍ഡ് ആയിരുന്നു. ഈ തകര്‍പ്പന്‍ ഗോളോടെ മികച്ച ഒരു നേട്ടമാണ് ഈ യുവതാരത്തെ തേടിയെത്തിയത്.

ഒരു യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നോര്‍ത്തേണ്‍ ഐറിഷ് താരമെന്ന ചരിത്രനേട്ടമാണ് റോസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 49ാം മിനിട്ടില്‍ ആയിരുന്നു റോസിന്റെ റെക്കോഡ് ഗോള്‍ പിറന്നത്.

ഇതിന് മുമ്പ് 1989ല്‍ മൈക്കല്‍ ഒ നീല്‍ ആയിരുന്നു ഈ നേട്ടം സ്വന്തമാക്കിയ താരം. ഈ റെക്കോഡ് നേട്ടമാണ് 34 വര്‍ഷങ്ങള്‍ക്ക് ശേഷം റേഞ്ചേഴ്‌സിന്റെ 20കാരന്‍ മറികടന്നത്.

റേഞ്ചേഴ്‌സിന്റെ തട്ടകമായ ഐബ്രോക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് റെഞ്ചേഴ്‌സ് കളത്തിലിറങ്ങിയത് അതേസമയം മറുഭാഗത്ത് 4-2-2 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 28ാം മിനിട്ടില്‍ ഷാവി ബാബിക്കയിലൂടെ അരിസ് ലിമാസോള്‍ ആണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ സന്ദര്‍ശകര്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ റോസിലൂടെ റെഞ്ചേഴ്‌സ് മറുപടി ഗോള്‍ നേടുകയായിരുന്നു. ബാക്കിയുള്ള സമയങ്ങളില്‍ ഇരു ടീമുകളും വിജയഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ പൂര്‍ണ ആധിപത്യവും ആതിഥേയര്‍ക്കൊപ്പമായിരുന്നു. 15 ഷോട്ടുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് റെഞ്ചേഴ്‌സ് പായിച്ചെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിയില്ല.

സമനിലയോടെ യൂറോപ്പ ലീഗ ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സ്‌കോട്ടിഷ് ക്ലബ്ബ്. അതേസമയം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് അരിസ് ലിമാസോള്‍.

സ്‌കോട്ടിഷ് ലീഗില്‍ ഡിസംബര്‍ മൂന്നിന് സെയ്ന്റ് മിറെനെതിരെയാണ് റേഞ്ചേഴ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Ross McCausland create a new record for rangers.