| Tuesday, 20th March 2018, 1:01 pm

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 'ഗോസ്റ്റ് അയലന്‍ഡ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനോഹരങ്ങളായ ബീച്ചുകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിക്കും പേരുകേട്ട ആന്തമാന്‍ 572 ദ്വീപുകളുടെ ഒരു കൂട്ടമാണ്. ആന്തമാന്‍ ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത 534 ദ്വീപുകളിലൊന്നാണ് “ഗോസ്റ്റ് അയലന്‍ഡ്” എന്നറിയപ്പെടുന്ന റോസ്സ് ദ്വീപ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് കോളനിയായ ഈ ദ്വീപിന്റെ ഇരുണ്ട ചരിത്രം മാറ്റിനിറുത്തിയാല്‍, ഇന്ന് ഇവിടത്തെ ചരിത്ര അവശേഷിപ്പുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 1940ല്‍ മനുഷ്യര്‍ ഉപേക്ഷിച്ച ഈ ദ്വീപ് ഇന്നതിന്റെ യത്ഥാര്‍ത്ത അവകാശികളുടെ കയ്യിലാണ്- പ്രകൃതിയുടെ! കാടുമൂടിയ വലിയ ബംഗ്ലാവുകളും പള്ളിയും ബാള്‍റൂമുകളും ശ്മശാനവും വല്ലാത്ത ഒരനുഭവമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

1900ത്തില്‍ വേട്ടയാടുന്ന വിനോദത്തിനായി ബ്രിട്ടീഷുകാര്‍ ഇവിടെ മാനുകളേയും മുയലുകളേയും എത്തിച്ചിരുന്നു. മാംസഭുക്കുകളായ മറ്റു മൃഗങ്ങളില്ലാതിരുന്നതിനാല്‍ പെറ്റുപെരുകിയ ഇവയും സന്ദര്‍ശകരെ ആനന്ദിപ്പിക്കുന്നു.

എട്ടുപതിറ്റാണ്ടുകളായി ജനവാസമില്ലാതിരിക്കുന്ന ഇവിടം മനുഷ്യരില്ലാതായിക്കഴിഞ്ഞാലുള്ള ഭൂമിയുടെ അവസ്ഥയെ നമുക്കു മുന്നില്‍ കാഴ്ചവെക്കുന്നു. ദക്ഷിണ ആന്തമാന്റെ അധികാരപരിധിയിലുള്ള റോസ്സ് ദ്വീപിലേക്ക് പോര്‍ട്ട് ബ്ലയറില്‍ നിന്നും 3 കി.മി.യാണ് ദൂരം.

We use cookies to give you the best possible experience. Learn more