കൊച്ചി: പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്‌ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പയിനില്‍ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍. ”
” എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡിസ്ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്”. എന്നായിരുന്നു റോഷ്‌നിയുടെ പ്രതികരണം. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഷ്‌നി മനസ് തുറന്നത്.
മൈ സ്റ്റോറിയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അത് പെയ്ഡാണെന്നും അവര്‍ പറയുന്നു. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
“പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്”. റോഷ്‌നി പറയുന്നു.
അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍ മമ്മൂക്കയുടെ ഫാന്‍സ് ആണെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊന്നും പറയാനാവില്ല. അങ്ങനെ പറയുന്നവര്‍ അദ്ദേഹത്തിന്റെ ആരാധകരുമല്ല. പ്രതിഷേധിക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്യാം. പക്ഷേ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്നും റോഷ്‌നി അഭിപ്രായപ്പെടുന്നു.