| Saturday, 6th October 2018, 11:27 am

ഇടുക്കി ഡാം തുറക്കുന്ന വിവരം ജനങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച; വിമര്‍ശനവുമായി എം.എല്‍.എ റോഷി അഗസ്റ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ ഉയര്‍ത്തുന്നതിനെതിരെ റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഡാം തുറക്കുന്ന വിവരം ജനത്തെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് എം.എല്‍.എ വിമര്‍ശിച്ചു.

മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നും എം.എല്‍.എ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് തുറക്കുമെന്ന വിവരം ജനം അറിഞ്ഞിട്ടില്ല. അനൗണ്‍സ്‌മെന്റ് നടത്തുന്നതില്‍ ഗുരുതരവീഴ്ചയെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.


ഇടുക്കി ഡാം തുറന്നു; 50 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കുന്നു


അതേസമയം ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്നും വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലുള്ള ജനങ്ങളെ വിവരം കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ഇടുക്കി കളക്ടര്‍ ജീവന്‍ ബാബു പറഞ്ഞു.

ഇടുക്കി ഡാം മാത്രമല്ല എട്ട് ഡാം തുറക്കുന്ന കാര്യവുമായി മുന്നോട്ട് പോകുന്നുണ്ട്. രാത്രിയോടെയാണ് ഡാം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ആശയക്കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കെ.എസ്.ഇ.ബി യുമായും മന്ത്രിയുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് തുറന്നത്.

കെ.സി.ഇ.ബിയാണ് ഡാം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയത്. പിന്നീട് വൈദ്യുതി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് 4 മണിക്ക് തുറക്കേണ്ട സാഹചര്യം വന്നിരുന്നില്ല.

കെ.സി.ഇ.ബി നല്‍കുന്ന നിര്‍ദേശത്തിന് അനുസരിച്ചുള്ള നടപടികളാണ് എടുത്തത്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ 6 മണിക്ക് തുറക്കുമെന്നത് ആശയക്കുഴപ്പുണ്ടാക്കിയിരുന്നു. രാവിലെ 6 മണിക്ക് തുറക്കുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടവിധം മുന്നറിയിപ്പ് നല്കാന്‍ ആവില്ല എന്നതുകൊണ്ടാണ് പതിനൊന്ന് മണിക്ക് തുറന്നതെന്നും കളക്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more