| Sunday, 21st April 2024, 7:18 pm

അത് ഈ പടത്തില്‍ വേണ്ടെന്ന് പറഞ്ഞു; ജിത്തു ചേട്ടനോട് എന്ത് പറയുമ്പോഴും രണ്ട് തവണ ആലോചിക്കണം: ആവേശത്തിലെ ശാന്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാ ണ് ആവേശം. സിനിമാപ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്ത വിഷു റിലീസ് ചിത്രമായിരുന്നു ഇത്.

ആറ് ദിവസം കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടിയ ചിത്രം റിലീസ് ചെയ്ത് പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 70 കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്.

ഫഹദ് ഫാസില്‍ രംഗന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ പ്രണവ് രാജ് (ഹിപ്സ്റ്റര്‍), മിഥുന്‍ ജയശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ശാന്തന്‍ എന്ന കഥാപാത്രമായി എത്തിയത് റോഷന്‍ ഷാനവാസായിരുന്നു.

സിനിമ വലിയ വിജയകുതിപ്പ് നടത്തുമ്പോള്‍ സംവിധായകന്‍ ജിത്തു മാധവനെ കുറിച്ച് പറയുകയാണ് റോഷന്‍ ഷാനവാസ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അഭിനയിക്കുമ്പോള്‍ ചില സമയങ്ങളില്‍ ജിത്തു ചേട്ടന്‍ ‘എടാ അത് വേണ്ട. മാറ്റിപിടിച്ചോ, വേറെ ചെയ്‌തോ’ എന്ന് പറയും. നമ്മള്‍ എന്തെങ്കിലും ഓവര്‍ ആയിട്ട് ചെയ്താല്‍ പറയുന്നത് ‘എടാ, കൊള്ളാം. പക്ഷേ ഈ പടത്തില്‍ വേണ്ട. അത് വേറെ പടത്തില്‍ ചെയ്‌തോ’ എന്നാകും.

അദ്ദേഹം എന്തും വ്യക്തമായി പറയും. നമ്മളും ജിത്തു ചേട്ടനുമായി എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. നല്ലതാണ്, അല്ലെങ്കില്‍ മോശമാണ് എന്ന് മാത്രം പറഞ്ഞ് പോകുകയല്ല ചെയ്യുന്നത്. നല്ലതാണെങ്കില്‍ പോലും ചിലപ്പോള്‍ കുറച്ച് കളിയാക്കി കൊണ്ട് മാത്രമേ കാര്യം പറയുകയുള്ളൂ.

മോശമാണെങ്കില്‍ അതും കുറച്ച് കളിയാക്കി മാത്രമേ പറയുകയുള്ളൂ. ടോണ് വ്യത്യാസത്തില്‍ നിന്നാണ് നമ്മളത് മനസിലാക്കേണ്ടത്. അതുപോലെ നമ്മള്‍ ജിത്തു ചേട്ടനോട് എന്തെങ്കിലും പറയുമ്പോള്‍ രണ്ട് തവണ ആലോചിക്കണം. ചിന്തിച്ചിട്ടേ പറയാന്‍ പാടുള്ളു,’ റോഷന്‍ ഷാനവാസ് പറഞ്ഞു.

ഫഹദ് ഫാസിലിനും പ്രണവ് രാജിനും മിഥുന്‍ ജയശങ്കറിനും റോഷന്‍ ഷാനവാസിനും പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും ചിത്രത്തിലുണ്ട്.


Content Highlight: Roshan Shanavas Talks About Director Jithu Madhavan

We use cookies to give you the best possible experience. Learn more