രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ആവേശം. സിനിമാപ്രേമികള്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. ആറ് ദിവസം കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടാന്‍ ആവേശത്തിന് സാധിച്ചിരുന്നു.
വിഷു റിലീസായി എത്തിയ ചിത്രത്തില്‍ രംഗന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസിലായിരുന്നു നായകനായി എത്തിയത്. ആവേശത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കട്ടിമീശയും കൂളിങ് ഗ്ലാസുമണിഞ്ഞ് കഴുത്തില്‍ ഗോള്‍ഡിന്റെ ചെയിനുമിട്ട് വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് ബെംഗളൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ ലുക്കിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.
ആവേശത്തില്‍ ഫഹദിന് പുറമെ പ്രധാന കഥാപാത്രങ്ങളായി എത്തിയവരാണ് പ്രണവ് രാജ് (ഹിപ്സ്റ്റര്‍), മിഥുന്‍ ജയശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവര്‍. അവര്‍ക്ക് സംവിധായകന്‍ ഹോട്ട് സ്റ്റാര്‍ ഹിപ്സ്റ്റര്‍, റോറിങ് സ്റ്റാര്‍ റോഷന്‍, ഹോമ്ലി സ്റ്റാര്‍ മിഥുന്‍, ക്യൂട്ട് സ്റ്റാര്‍ മിഥൂട്ടി എന്നൊക്കയുള്ള പ്രത്യേക ടൈറ്റിലുകള്‍ നല്‍കിയിരുന്നു.
സിനിമയില്‍ ഇങ്ങനെ ഒരു ടൈറ്റില്‍ വെക്കുന്നത് എങ്ങനെയാണ് അറിയുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് റോഷന്‍ ഷാനവാസ്. ആവേശത്തില്‍ ശാന്തന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ ഷാനവാസ്.
‘ജിത്തു ചേട്ടന്‍ സെറ്റില്‍ വെറുതെ തമാശക്ക് വിളിച്ച പേരുകളായിരുന്നു ഇത്. ഹേയ് ഹോട്ട് സ്റ്റാര്‍, റോറിങ് സ്റ്റാര്‍ എന്നൊക്കെ ചുമ്മാ പറയുന്നതാണ്. അതും മൈക്കിലൂടെയാണ് ഇങ്ങനെ വിളിക്കുന്നത്. എന്നാല്‍ ഒരിക്കലും ഇത് പടത്തില്‍ നമ്മളുടെ ടൈറ്റില്‍ ഇങ്ങനെ ഫിക്‌സ് ചെയ്യുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നില്ല.
പടം ഇറങ്ങുന്നതിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പ് ജിത്തു ചേട്ടന്‍ ഇങ്ങനെയാകുമെന്ന് പറഞ്ഞു. ഞങ്ങളാണെങ്കില്‍ ചേട്ടന്‍ ചുമ്മാ കളിയാക്കാതെ. വെറുതെ പറയുകയല്ലേ എന്ന് ചോദിച്ചു. എന്നിട്ടും ഞങ്ങള്‍ വിശ്വസിച്ചില്ല. തിയേറ്ററില്‍ കാണുമ്പോഴാണ് ഞങ്ങള്‍ ഞെട്ടിപോയത്,’ റോഷന്‍ ഷാനവാസ് പറഞ്ഞു.
CONTENT HIGHLIGHT: Roshan Shanavas About Title Name Of His Role In Aavesham