| Tuesday, 30th August 2022, 11:23 am

ഫോണ്‍ വന്നപ്പോള്‍ അയ്യോ മമ്മൂക്ക എന്ന് പറഞ്ഞ് എ.ഡി ഫോണെടുത്തു, അപ്പോഴാണ് പടത്തിലെ നായകനാരാണെന്ന് മനസിലായത്: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ മാത്യുവിന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായ ചിത്രമാണ് പുതിയ നിയമം. ചിത്രത്തിലെ വില്ലന്‍ വേഷം അന്നേ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. മലയാളവും പിന്നിട്ട് ഇപ്പോള്‍ തമിഴിലും ബോളിവുഡിലും എത്തിനില്‍ക്കുകയാണ് റോഷന്‍.

പുതിയ നിയമത്തിന് ശേഷം സിനിമകള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോഷന്‍ പറഞ്ഞു. ഷൂട്ടിന് ഒരാഴ്ച മുമ്പാണ് മമ്മൂട്ടിയും നയന്‍താരയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് മനസിലായതെന്നും പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.

‘പുതിയ നിയമം ഷൂട്ടിനിടക്ക് പ്രൊഡക്ഷന്‍ മനേജര്‍ ഗോകുലേട്ടനോട് ചോദിച്ചു, ഇതു കഴിഞ്ഞിട്ട് എനിക്ക് വേറെ സിനിമ കിട്ടുവോന്ന്. ഒരു 75 ശതമാനം ചാന്‍സ് ഉണ്ടെടാ എന്ന് പറഞ്ഞു. അപ്പോള്‍ ഒരു 50 ശതമാനം കാണുമായിരിക്കുമെന്ന് ഞാനും കണക്ക് കൂട്ടി. അങ്ങനെ ബോംബെയിലേക്ക് തിരിച്ച് പോയി. അവിടെ വെച്ചാണ് പുതിയ നിയമം കാണുന്നതൊക്കെ. റിലീസിന്റെ സമയത്ത് ഇവിടെ വന്നില്ല.

നാടകത്തില്‍ അഭിനയിക്കുന്നു, പൈസ കിട്ടാന്‍ വേണ്ടി സിനിമയില്‍ അഭിനയിക്കുന്നു, അന്ന് അതായിരുന്നു ലോജിക്. പുതിയ നിയമം കഴിഞ്ഞ് പിന്നെ ആരും വിളിക്കുമെന്ന് എനിക്ക് ഒരു ഹോപ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇവിടെ കറങ്ങിത്തിരിഞ്ഞ് നില്‍ക്കണ്ട എന്ന് വിചാരിച്ചു. പക്ഷേ പുതിയ നിയമം കണ്ടിട്ടാണ് ആനന്ദത്തിന്റെ ഓഡിഷനിലേക്ക് വിളിക്കുന്നത്,’ റോഷന്‍ പറഞ്ഞു.

‘പുതിയ നിയമത്തെ പറ്റി ഞാന്‍ ഒന്നും അന്വേഷിച്ചിച്ചിട്ടുണ്ടായിരുന്നില്ല. എ.കെ. സാജന്‍ എന്ന പേര് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. പടത്തിന് ഒരാഴ്ച മുമ്പാണ് ഇതില്‍ മമ്മൂക്കയും നയന്‍താര മാമുമാണെന്ന് അറിഞ്ഞത്. അപ്പോള്‍ മനസില്‍ ഇതിന്റെ സ്‌കെയ്ല്‍ ഒന്ന് മാറി. സിനിമയെ പറ്റി അന്വേഷിക്കണമെന്ന് ചിന്ത ഒന്നും ഉണ്ടായില്ല.

ഒരു ദിവസം സ്‌ക്രിപ്റ്റ് റീഡിങ്ങിന് ഇരിക്കുകയായിരുന്നു. അസോസിയേറ്റ് ഡയറക്ടറാണ് വായിച്ചു തരുന്നത്. അപ്പോള്‍ പുള്ളിക്ക് ഒരു കോള്‍ വന്നു. അയ്യോ മമ്മൂക്ക എന്ന് പറഞ്ഞ് പുള്ളി എഴുന്നേറ്റ് പോയി കോള്‍ എടുത്ത് സംസാരിച്ചു. പുള്ളി തിരിച്ചു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, അല്ല മമ്മൂക്ക എന്താ വിളിച്ചത്, അങ്ങനെ വെറുതെ വിളിക്കാറൊക്കെയുണ്ടോ എന്ന്. വെറുതെയല്ല, മമ്മൂക്കയല്ലേ നമ്മുടെ പടത്തിലെ നായകന്‍ എന്ന് പുള്ളി പറഞ്ഞു. അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.

എന്റെ ഡാഡ ഭയങ്കര മമ്മൂട്ടി ഫാനാണ്. നമ്മളൊക്കെ മമ്മൂട്ടി ഫാനായി ജനിച്ചവരാണ്. മമ്മൂട്ടിയുടെ പടങ്ങള്‍ ഇറങ്ങുന്ന ആഴ്ചയില്‍ തന്നെ പോയി കാണുന്ന ഫാമിലിയാണ് ഞങ്ങളുടേത്. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ ചെയ്യുമ്പോള്‍ തോന്നി ഇത് സിനിമയില്‍ കാണുന്നത് പോലെ തന്നെയുണ്ടല്ലോ എന്ന്. എന്റെയൊക്കെ വിചാരം ഷൂട്ട് കഴിഞ്ഞ് എഡിറ്റ് മ്യൂസികും ഒക്കെ ചെയ്ത് കഴിയുമ്പോള്‍ ഇത് സിനിമയില്‍ കാണുന്നത് പോലെയാവും എന്നാണ്. പക്ഷേ മമ്മൂക്ക വന്ന് ചെയ്തിട്ട് പോവുമ്പോള്‍ ശരിക്കും സിനിമയില്‍ കാണുന്നത് പോലെ തന്നെയാണ്. ഇതിലിനി എന്താണ് ചെയ്യാനുള്ളത് എന്ന് ചിന്തിച്ചു,’ റോഷന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Roshan said that he came to know that Mammootty and Nayanthara are acting in puthiya niyamam a week before the shoot

We use cookies to give you the best possible experience. Learn more