നാടകത്തിലൂടെ സിനിമയില്‍ എത്തി മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് റോഷന്‍ മാത്യു. കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ റോഷന് സാധിച്ചിരുന്നു. മഹാറാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെയിന്‍ നിഗമാണെന്ന് കരുതി ആളുകള്‍ തന്നോട് വന്ന് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് താരം. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു.
‘ഒരു ദിവസം മഹാറാണിയെന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ആ ഷൂട്ടിങ്ങ് നടക്കുന്ന വീടിന് പുറത്ത് സെക്യുരിറ്റി ഉണ്ടായിരുന്നു. അവിടേക്ക് രണ്ട് പയ്യന്മാര്‍ മതില് ചാടി വന്നു. ‘മച്ചാനെ ജസ്റ്റ് ഒന്ന് കണ്ടിട്ട് പോയ്‌ക്കോളാ’മെന്ന് പറഞ്ഞ് എന്റെ നേരെ ഓടിവന്നു. ആ സമയത്ത് എന്റെ കൂടെ ഉണ്ടായിരുന്നത് ഷൈന്‍ ടോം ചാക്കോ ആയിരുന്നു. ഞാന്‍ അദ്ദേഹത്തോട് ഇവരെ ഡീല് ചെയ്ത് വരാമെന്ന് പറഞ്ഞ് അടുത്തേക്ക് ചെന്നു. അപ്പോഴേക്കും രണ്ട് പയ്യന്മാരും ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. ഒരാള്‍ അരയുടെ ചുറ്റുമാണ് കെട്ടിപിടിച്ചത്. ഞാന്‍ അപ്പോള്‍ എന്റെ ഫാന്‍സോ എന്ന ഭാവത്തില്‍ നോക്കി നിന്നു.
അവര്‍ എന്നെ കെട്ടിപിടിച്ച് ഉമ്മയൊക്കെ തന്നു. ‘നിങ്ങടെ മറ്റേ ആ പടമുണ്ടല്ലോ’ എന്ന് പറഞ്ഞാണ് അവര്‍ സംസാരിച്ചത്. എന്നാല്‍ ഒരു സിനിമയുടെയും പേര് അവര്‍ക്ക് കിട്ടുന്നില്ലായിരുന്നു. മൂന്നോ നാലോ തവണ അങ്ങനെ പറഞ്ഞു. പിന്നെയാണ് ആ ഇടിക്കുന്ന പടമെന്ന് പറയുന്നത്. ഞാന്‍ അപ്പോള്‍ അത് ഏതാകും പടമെന്നുള്ള ചിന്തയിലാണ്. ‘പിന്നെ ആ പാട്ടുണ്ടല്ലോ’ എന്നും പറഞ്ഞ് ‘പറയുവാന്‍ ഇതാദ്യമായി’ എന്ന പാട്ട് പാടി. അത് കേട്ടതും എനിക്ക് ആളെ പിടിക്കിട്ടി.
ഞാന്‍ പെട്ടെന്ന് നിങ്ങള്‍ക്ക് ആളുമാറിയെന്നാണ് തോന്നുന്നതെന്ന് അവരോട് പറഞ്ഞു. എന്നാല്‍ പിന്നീടുള്ള പത്ത് മിനിറ്റ് ഇവരത് സമ്മതിച്ചു തന്നില്ല. ‘ബ്രോ ഞങ്ങള്‍ ഫാന്‍സാണ് കേട്ടോ. ഇങ്ങനെയൊന്നും പറയരുത്’ എന്നൊക്കെ പറഞ്ഞു. നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഞാനല്ല, അത് ഷെയിന്‍ നിഗമാണെന്നും മറ്റൊരു ആക്ടറാണെന്നുമൊക്കെ പറഞ്ഞു നോക്കി. ഇത് മോശമാണ് കേട്ടോ, ഒന്നില്ലേല്ലും നമ്മളൊക്കെയല്ലേ നിങ്ങളുടെ പടം കാണുന്നതെന്നായി ചോദ്യം. അതിന് നിങ്ങള്‍ കണ്ടത് എന്റെ പടമല്ലല്ലോയെന്ന് ഞാനും ചോദിച്ചു (ചിരി). ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇടക്കൊക്കെ ഉണ്ടാകാറുണ്ട്,’ റോഷന്‍ മാത്യു പറഞ്ഞു.
Also Read: അത് വിഷമിപ്പിച്ചു; ആ വീഡിയോക്ക് വന്ന കമന്റിലൂടെ ഞാന്‍ എത്ര മോശം നടനാകുമെന്ന് മനസിലായി: റോഷന് മാത്യു
Content Highlight: Roshan Mathew Talks About Shane Nigam’s Fans