അന്ന് ശ്രീലങ്കക്കാര്‍ ഒരു സിനിമാ പോസ്റ്റര്‍ കാണിച്ചു തന്നു; അതൊരു മലയാള നടന്റേതായിരുന്നു: റോഷന്‍ മാത്യു
Entertainment
അന്ന് ശ്രീലങ്കക്കാര്‍ ഒരു സിനിമാ പോസ്റ്റര്‍ കാണിച്ചു തന്നു; അതൊരു മലയാള നടന്റേതായിരുന്നു: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd June 2024, 8:24 am

പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു, ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര എന്നിവര്‍ അഭിനയിച്ച ചിത്രം ഈ മാസം 28നാണ് തിയേറ്ററിലെത്തുന്നത്. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണ് പാരഡൈസ്.

ശ്രീലങ്ക പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളി ദമ്പതികളുടെ കഥയാണ് പാരഡൈസ് പറയുന്നത്. ശ്രീലങ്കക്കാര്‍ എല്ലാ മലയാള സിനിമകളും കാണുന്നവരാണെന്ന് പറയുകയാണ് റോഷന്‍ മാത്യു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അവര്‍ എല്ലാ മലയാള സിനിമകളും കാണുന്നവരാണ്. നമ്മള്‍ എല്ലാവരും കേട്ടിട്ടുള്ളത് ശ്രീലങ്ക തമിഴ് സിനിമകളുടെ സ്ഥിരം മാര്‍ക്കറ്റാണ് എന്നല്ലേ. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഹിന്ദി പടങ്ങള്‍ കളിക്കുന്നുണ്ടായിരുന്നു. തിയേറ്ററില്‍ മലയാള സിനിമകള്‍ ഉണ്ടാവില്ല. കാരണം മലയാളം പടങ്ങള്‍ക്ക് അവിടെ ഡിസ്ട്രിബ്യൂഷന്‍ ഇല്ലായിരുന്നു. പക്ഷെ ഇവര്‍ മലയാളത്തിലെ എല്ലാ സിനിമകളും കാണാറുണ്ട്. അവര്‍ക്ക് അതിനായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. നമ്മുടെ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്ന ദിവസം തന്നെ അത് അവരുടെ ഗ്രൂപ്പില്‍ വരും.

അവരാണ് ഇത് നമ്മളെ വിളിച്ച് കാണിച്ചു തരുന്നത്. ഞങ്ങള്‍ അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്ന ദിവസം അവര്‍ ഞങ്ങള്‍ക്ക് ഒരു മലയാള സിനിമയുടെ പോസ്റ്റര്‍ കാണിച്ചു തന്നു. ഞാന്‍ നോക്കുമ്പോള്‍ സൈജു കുറുപ്പിന്റേതായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞതും സൈജുവിന്റെ പുതിയ സിനിമയാണ് ഇതെന്ന് അവര്‍ പറഞ്ഞു. നമ്മള്‍ കാണാത്ത മലയാള സിനിമകള്‍ പോലും അവര്‍ക്ക് അറിയാം. അവര്‍ ആ സിനിമ കാണുന്നതിന് പുറമെ അതിനെ കുറിച്ച് കൃത്യമായ ചര്‍ച്ചകള്‍ പോലും നടത്താറുണ്ട്. അത്രയും ഇന്‍വോള്‍വ്ഡായി മലയാള സിനിമകള്‍ ഫോളോ ചെയ്യുന്ന ആളുകളാണ് അവിടെയുള്ളത്,’ റോഷന്‍ മാത്യു പറഞ്ഞു.


Content Highlight: Roshan Mathew Talks About Saiju Kurupp’s Poster